അരൂർ: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. അരൂർ സ്വദേശിനി നിയ ലെനിൻ (11) ആണ് മരണത്തിന് കീഴടങ്ങിയത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ 24 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നിയയുടെ മരണം ഇന്ന് രാവിലെ 7.30ഓടെയാണ് സ്ഥിരീകരിച്ചത്.
മേയ് 6-നാണ് നിയയ്ക്ക് പാമ്പുകടിയേറ്റത്. നൃത്തക്ലാസിലേക്ക് പോകുന്നതിനിടെ കാലിൽ എന്തോ കടിച്ചതായി കുട്ടിക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യം കട്ടുറുമ്പ് കടിച്ചതാകാമെന്നാണ് നിയ കരുതിയത്. എന്നാൽ ഒരു മണിക്കൂറിനകം ബോധക്ഷയം സംഭവിക്കുകയും ശാരീരിക അസ്വസ്ഥതകൾ രൂക്ഷമാകുകയും ചെയ്തതോടെയാണ് പാമ്പുകടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ദിവസങ്ങളോളം ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിനൊടുവിലാണ് നിയ മരണത്തിന് കീഴടങ്ങിയത്.
നിയയുടെ വിയോഗം കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രദേശത്ത് അനുശോചന പ്രവാഹമാണ്.
English Summary:
Eleven-year-old Nia Lenin from Aroor, who was undergoing treatment after a snakebite, passed away after 24 days in intensive care. She was bitten while on her way to a dance class on May 6 and initially thought it was an ant bite. Her condition worsened within hours, and despite intensive treatment, she succumbed to complications.

