facebook

അടൂർ എംവിഡി വിവാദം: ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ കടുത്ത അമർഷം

2 Min Read

പത്തനംതിട്ട അടൂരിൽ മഴക്കെടുതി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെന്ന് അവകാശപ്പെട്ട ഓഫ് റോഡ് വാഹനത്തിന് പിഴ ഈടാക്കിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ഗതാഗത വകുപ്പിനുള്ളിൽ അമർഷം ശക്തമാകുന്നു. ബോണറ്റിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള, 994 മീറ്റർ ദൂരത്തിലേക്ക് പ്രകാശം നീട്ടാൻ ശേഷിയുള്ള ലൈറ്റ് ഫോഴ്സ് ബ്ലിറ്റ്സ് 240 എംഎം ഹാലജൻ ലൈറ്റുകൾ അടക്കമുള്ള അനധികൃത കൂട്ടിച്ചേർക്കലുകൾ നടത്തിയതിനാണ് മെഴുവേലി സ്വദേശിയുടെ വാഹനത്തിനെതിരെ എംവിഡി ഉദ്യോഗസ്ഥർ നടപടിയെടുത്തത്. നിയമപ്രകാരം ഉത്തരവാദിത്തം നിർവ്വഹിച്ച രണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ വിശദീകരണം പോലും ചോദിക്കാതെ സസ്പെൻഡ് ചെയ്ത സർക്കാരിന്റെ നടപടിയാണ് ഇപ്പോൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് എംവിഡി ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്. എന്നാൽ, അടൂരിൽ വെച്ച് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുമ്പോൾ അത് പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർടിഒ ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഭവ സമയത്ത് അടൂർ മേഖല പ്രളയബാധിത പ്രദേശം ആയിരുന്നില്ലെന്നും, വാഹനത്തിനുള്ളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥ സംഘടനകളും സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

നിയമലംഘനം നടത്തിയ ഈ വാഹനം മുൻപും സമാനമായ രീതിയിൽ നടപടികൾ നേരിട്ടിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്തേക്ക് ഉന്തിനിൽക്കുന്ന ടയറുകളും ഇതേ രീതിയിലുള്ള അതിതീവ്ര ബോണറ്റ് ലൈറ്റുകളും ഉപയോഗിച്ചതിന് 2024-ൽ ഈ വാഹനത്തിന് പിഴ ഈടാക്കിയിരുന്നു. എന്നാൽ ഇത്തരം നിയമവിരുദ്ധമായ മാറ്റങ്ങൾ അഴിച്ചുമാറ്റാൻ ഉടമ തയ്യാറായില്ല. ഇതിന് പുറമെ ഈ വർഷം ഏപ്രിൽ മാസത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിനും ഈ വാഹനം വീണ്ടും പിഴയടയ്ക്കേണ്ടി വന്നിട്ടുണ്ട്. നിയമലംഘനങ്ങൾ തുടർച്ചയായി ആവർത്തിച്ച വാഹനത്തിനെതിരെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

റോഡുകളിൽ അപകടമുണ്ടാക്കുന്ന രീതിയിലുള്ള ഇത്തരം അനധികൃത ലൈറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെയും സർക്കാരിന്റെയും വ്യക്തമായ ഉത്തരവുകളുണ്ട്. ഈ നിർദ്ദേശങ്ങൾ മുൻനിർത്തി നിയമപരമായ കടമ നിർവ്വഹിച്ച ഉദ്യോഗസ്ഥരെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി സസ്പെൻഡ് ചെയ്താൽ പൊതുജനങ്ങൾക്ക് ആര് സംരക്ഷണം നൽകുമെന്നാണ് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ ചോദ്യമുയർത്തുന്നത്. ഉദ്യോഗസ്ഥർക്കെതിരായ ഏകപക്ഷീയമായ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യവുമായി എംവിഡി ഉദ്യോഗസ്ഥ സംഘടനകൾ ശക്തമായ നിലപാടിലേക്ക് കടന്നിരിക്കുകയാണ്.

Share This Article