facebook

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോൾ ലഭിക്കില്ല; പുതിയ നിയന്ത്രണവുമായി കേന്ദ്രം

2 Min Read

ന്യൂഡൽഹി: തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്ന സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്.

ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും പത്ത് പെട്രോൾ പമ്പുകളിൽ പദ്ധതി പരീക്ഷിക്കും.

ഗതാഗത നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നവർക്ക് ഇൻഷുറൻസ് പുതുക്കുമ്പോൾ ഉയർന്ന പ്രീമിയം ഈടാക്കാനും ആലോചനയുണ്ട്.

സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ നടപടി

കഴിഞ്ഞ മാസം നാലിന് സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്നതിനുള്ള പൈലറ്റ് പദ്ധതി തയ്യാറാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയോടും (ഐആർഡിഎഐ) റോഡ് ഗതാഗത മന്ത്രാലയത്തോടും കോടതി നിർദേശിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായാണ് രാജ്യത്തെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ പുതിയ പരിശോധനാ സംവിധാനം ഒരുക്കുന്നത്.

നമ്പർ പ്ലേറ്റ് പരിശോധിക്കാൻ എഎൻപിആർ ക്യാമറകൾ

പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിക്കും.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്ന ഈ ക്യാമറകൾ ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറിലെയും വാഹൻ പോർട്ടലിലെയും വിവരങ്ങളുമായി ബന്ധിപ്പിക്കും.

ഇതിലൂടെ വാഹനത്തിന് സാധുവായ തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടോയെന്ന് പമ്പിൽവച്ചുതന്നെ പരിശോധിക്കാനാകും.

ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ പത്ത് പെട്രോൾ പമ്പുകളിൽ പരീക്ഷണം

ഉത്തർപ്രദേശിലും ഹരിയാനയിലുമായി അഞ്ച് പമ്പുകൾ വീതമാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. ആകെ പത്ത് പമ്പുകളിലാണ് പരീക്ഷണം നടത്തുക.

പൈലറ്റ് പദ്ധതി വിജയകരമായാൽ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

അതേസമയം, ഗതാഗത നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന വാഹന ഉടമകൾക്ക് ഇൻഷുറൻസ് പുതുക്കുമ്പോൾ ഉയർന്ന പ്രീമിയം ഈടാക്കുന്നതും പരിഗണനയിലുണ്ട്.

പുതിയ വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധിയിലും മാറ്റം

പുതിയ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

പുതിയ കാറുകൾക്ക് നിലവിലുള്ള മൂന്ന് വർഷത്തിന് പകരം നാല് വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കും ഇൻഷുറൻസ് ലഭിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്.

അടുത്ത മാസം 15 മുതൽ പുതിയ രീതി നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ഇതോടെ വാഹന ഇൻഷുറൻസ് നിയമങ്ങൾ കൂടുതൽ കർശനമാകുമെന്നാണ് വിലയിരുത്തൽ.


English Summary:

The Central Government is planning to introduce a system that will deny fuel to vehicles without valid third-party insurance. A pilot project will initially be implemented at ten petrol pumps, five each in Uttar Pradesh and Haryana.

Share This Article