ന്യൂഡൽഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ FSSAI. കമ്പനിയുടെ കുടിവെള്ള സാമ്പിളുകളിൽ അനുവദനീയമായ പരിധിയിൽ കൂടുതലായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രണ്ട് ഘട്ട പരിശോധനകളിലും സുരക്ഷാവീഴ്ച
ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപനത്തിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളിലാണ് പരിശോധനയിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ആദ്യഘട്ട പരിശോധനയിൽ അനുവദനീയമായ അളവിലും കൂടുതൽ ബ്രോമേറ്റ് കണ്ടെത്തി. ഇതോടെ ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു.
പരിശോധനാ ഫലത്തിനെതിരെ കമ്പനി അപ്പീൽ നൽകിയതിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. രണ്ടാംഘട്ട പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്നാണ് കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമായ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും പരിശോധനയിൽ വ്യക്തമായി.
എന്താണ് ബ്രോമേറ്റ്?
കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി ഓസോൺ ഉപയോഗിക്കുമ്പോൾ വെള്ളത്തിലുള്ള ബ്രോമൈഡ് എന്ന ലവണവുമായി രാസപ്രവർത്തനം നടക്കുന്നതിലൂടെ രൂപപ്പെടാവുന്ന സംയുക്തമാണ് ബ്രോമേറ്റ്. കുടിവെള്ളത്തിൽ ഇതിന്റെ അളവിന് FSSAI നിശ്ചിത പരിധി നിശ്ചയിച്ചിട്ടുണ്ട്.
ബിസ്ലേരിയുടെ സാമ്പിളിൽ ഈ പരിധിയിലും കൂടുതലായി ബ്രോമേറ്റ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഉയർന്ന അളവിൽ ബ്രോമേറ്റ് ശരീരത്തിലെത്തുന്നത് വൃക്കകളെയും നാഡീവ്യവസ്ഥയെയും ബാധിക്കാം. ദീർഘകാല സമ്പർക്കം കാൻസർ സാധ്യത വർധിപ്പിക്കാനും ഇടയാക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
PAHs എന്താണ്? ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) ആരോഗ്യത്തിന് ഹാനികരമായ രാസസംയുക്തങ്ങളുടെ ഒരു വിഭാഗമാണ്. വ്യാവസായിക മലിനീകരണം ഉൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിലൂടെ ഇവ പരിസ്ഥിതിയിൽ എത്താം. വെള്ളം സംഭരിക്കുന്നതിലോ പായ്ക്ക് ചെയ്യുന്നതിലോ ഉണ്ടാകുന്ന വീഴ്ചകളും മലിനീകരണത്തിന് കാരണമാകാം.
PAH വിഭാഗത്തിലെ ചില സംയുക്തങ്ങൾ കാൻസറിന് കാരണമാകുന്നവയാണ്. ദീർഘകാല സമ്പർക്കം കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെയും പ്രതിരോധ സംവിധാനത്തെയും ബാധിക്കാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രോസിക്യൂഷൻ നടപടികളുമായി FSSAI
ആദ്യ പരിശോധനയിലും അപ്പീലിനെ തുടർന്നുള്ള റഫറൽ ലബോറട്ടറി പരിശോധനയിലും സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയതോടെയാണ് ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാൻ FSSAI അനുമതി നൽകിയത്.
ഭക്ഷ്യ ഉൽപ്പാദകർ, ഇ-കൊമേഴ്സ് കമ്പനികൾ, എനർജി ഡ്രിങ്ക്, മദ്യ നിർമാതാക്കൾ തുടങ്ങിയ മേഖലകളിലും ഈ വർഷം പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.
English Summary:
FSSAI has approved prosecution proceedings against Bisleri International Private Limited after two rounds of testing found its drinking water samples unsafe. The initial test detected bromate above the permitted limit, while a referral laboratory later reported the presence of polycyclic aromatic hydrocarbons (PAHs).
