ബെലവാൻ: ചൈനയിൽനിന്ന് ബംഗ്ലാദേശിലേക്ക് ചരക്കുമായി പോയ കപ്പൽ പിടിച്ചെടുത്ത് ഇന്തൊനീഷ്യൻ നാവികസേന. മിസൈൽ പ്രൊപ്പല്ലന്റുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന 405 ടൺ സോഡിയം പെർക്ലോറേറ്റും ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത 4ജി സിം കാർഡുകളും കപ്പലിൽനിന്ന് കണ്ടെത്തി. വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്തിന് സമീപം നവംബർ ഏഴിനാണ് കപ്പൽ തടഞ്ഞത്.
കൊമോറോസ് പതാകയുള്ള കപ്പൽ സംശയത്തെത്തുടർന്ന് പിടിയിൽ
കൊമോറോസ് പതാകയുള്ള ‘എം.വി. സ്റ്റാർ ലൈൻ’ എന്ന ചരക്കുകപ്പലാണ് ഇന്തൊനീഷ്യൻ സമുദ്രാതിർത്തിയിൽ തടഞ്ഞത്. ചൈനയിലെ ലിയാൻയുങ്കാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്കായിരുന്നു കപ്പലിന്റെ യാത്ര.
യാത്രയ്ക്കിടെ കപ്പലിന്റെ നീക്കങ്ങളിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്തൊനീഷ്യൻ നാവികസേന പരിശോധനയ്ക്ക് തീരുമാനിക്കുകയായിരുന്നു. നാവികസേനയുടെ റേഡിയോ സന്ദേശങ്ങളോട് കപ്പൽ പ്രതികരിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. തുടർന്ന് KRI Sigalu-857 എന്ന പട്രോൾ കപ്പൽ ഇടപെട്ട് പരിശോധന നടത്തി.
നവംബർ 20-നാണ് ഇന്തൊനീഷ്യൻ നാവികസേന പിടികൂടൽ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
15 കണ്ടെയ്നറുകളിൽ 405 ടൺ സോഡിയം പെർക്ലോറേറ്റ്
കപ്പലിലുണ്ടായിരുന്ന 36 കണ്ടെയ്നറുകളിൽ 15 എണ്ണത്തിലാണ് 405 ടൺ സോഡിയം പെർക്ലോറേറ്റ് കണ്ടെത്തിയത്. റോക്കറ്റുകളുടെയും മിസൈലുകളുടെയും പ്രൊപ്പല്ലന്റ് നിർമാണത്തിൽ ഉപയോഗിക്കുന്ന ശക്തമായ ഓക്സിഡൈസറാണ് ഈ രാസവസ്തു.
പിടിച്ചെടുത്ത അളവിലുള്ള സോഡിയം പെർക്ലോറേറ്റ് ഉപയോഗിച്ച് ഏകദേശം 100 മിസൈലുകൾ നിർമിക്കാനാകുമെന്ന് ഇന്തൊനീഷ്യൻ നാവികസേനാ ഉദ്യോഗസ്ഥൻ റിയർ അഡ്മിറൽ ഡെനി സെപ്റ്റിയാന വ്യക്തമാക്കി. അതേസമയം, സോഡിയം പെർക്ലോറേറ്റ് നേരിട്ട് മിസൈൽ ഇന്ധനമോ സ്ഫോടകവസ്തുവോ അല്ല. പ്രൊപ്പല്ലന്റ് മിശ്രിതങ്ങളിൽ ജ്വലനത്തെ സഹായിക്കുന്ന ഓക്സിഡൈസറായാണ് ഇത് ഉപയോഗിക്കുന്നത്.
54 പാലറ്റുകളിൽ ലക്ഷക്കണക്കിന് സിം കാർഡുകൾ
രാസവസ്തുക്കൾക്ക് പുറമെ 54 പാലറ്റുകളിലായി ലക്ഷക്കണക്കിന് ശൂന്യമായ 4ജി എൽടിഇ സിം കാർഡുകളും കപ്പലിൽനിന്ന് കണ്ടെത്തി. രജിസ്റ്റർ ചെയ്യാത്ത സിം കാർഡുകളാണിവയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇത്രയും വലിയ അളവിൽ രാസവസ്തുക്കളും സിം കാർഡുകളും ഒരേ കപ്പലിൽ കണ്ടെത്തിയതോടെ ചരക്കിന്റെ ഉടമസ്ഥതയും ലക്ഷ്യസ്ഥാനവും സംബന്ധിച്ച അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിൽ ഈ ചരക്ക് സ്വീകരിക്കേണ്ട വ്യക്തിയെയോ സ്ഥാപനത്തെയോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കപ്പലിന്റെ രേഖകളിലും ക്രമക്കേടുകൾ
കപ്പലിന്റെ രജിസ്ട്രേഷൻ നില സസ്പെൻഡ് ചെയ്തിരുന്നതായും യാത്രാരേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. കപ്പലിന്റെ യാത്ര, ചരക്കുകളുടെ രേഖകൾ, ഉടമസ്ഥത, സ്വീകരിക്കേണ്ടവർ എന്നിവ സംബന്ധിച്ച വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.
ചരക്കിന്റെ അന്തിമ ഉടമ ആരാണെന്നും ഇത്രയും വലിയ അളവിൽ സോഡിയം പെർക്ലോറേറ്റ് ബംഗ്ലാദേശിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം എന്താണെന്നും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. കപ്പലിലെ ജീവനക്കാരെയും ബന്ധപ്പെട്ട രേഖകളെയും കേന്ദ്രീകരിച്ചാണ് തുടർപരിശോധന.
English Summary:
The Indonesian Navy seized the Comoros-flagged MV Star Line off Belawan, North Sumatra, on November 7. The vessel was travelling from China’s Lianyungang Port to Bangladesh’s Mongla Port. Authorities found 405 tonnes of sodium perchlorate in 15 containers and millions of unregistered blank 4G LTE SIM cards on 54 pallets. The cargo’s ownership and intended recipients remain under investigation.
