facebook

വാർഡ് മാറിയാലും വീട്ടുനമ്പർ മാറില്ല; പത്തക്ക ഡിജിറ്റൽ നമ്പറുമായി പുതിയ പദ്ധതി

2 Min Read

തിരുവനന്തപുരം: വാർഡ് പുനഃസംഘടിപ്പിച്ചാലും തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തികൾ മാറിയാലും ഇനി വീടുകളുടെ നമ്പർ മാറില്ല. വീടുകൾക്ക് സ്ഥിരമായ തിരിച്ചറിയൽ നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ് തത്വത്തിൽ തീരുമാനിച്ചു. തപാൽ പിൻകോഡിന് സമാനമായ രീതിയിൽ പത്തക്ക ഡിജിറ്റൽ നമ്പറാണ് ഓരോ വീടിനും നൽകുക. ഇതോടൊപ്പം വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയ ക്യുആർ കോഡും ലഭ്യമാക്കും.

സ്ഥിരം വീട്ടുനമ്പർ പദ്ധതി എന്തിന്?

നിലവിൽ വാർഡ് പുനഃസംഘടന നടക്കുമ്പോഴും തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തികൾ മാറുമ്പോഴും ജനസംഖ്യ വർധിച്ച് പുതിയ വീടുകൾ വരുമ്പോഴും വീട്ടുനമ്പറുകൾ മാറുന്ന സാഹചര്യമുണ്ട്. ഇത് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിലും ഭരണനിർവഹണത്തിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

ഈ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സ്ഥിരം വീട്ടുനമ്പർ പദ്ധതിയുടെ ലക്ഷ്യം. തദ്ദേശസ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ, ഓരോ വാർഡിലെയും വീടുകളുടെ ക്രമനമ്പർ എന്നിവ അടിസ്ഥാനമാക്കിയാണ് നിലവിൽ വീട്ടുനമ്പർ നൽകുന്നത്. ഇതിൽ മാറ്റമുണ്ടാകുമ്പോൾ വീടിന്റെ നമ്പറും മാറാറുണ്ട്.

പത്തക്ക ഡിജിറ്റൽ നമ്പറും ക്യുആർ കോഡും

ഏകീകൃത വീട്ടുനമ്പർ സംവിധാനം നടപ്പാക്കുന്നതിനായി ഇൻഫർമേഷൻ കേരള മിഷൻ മാതൃകാ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനത്തിന് പൊതുവായ കോഡ് നമ്പറും വീടുകൾക്ക് മേഖല തിരിച്ചുള്ള കോഡുകളും പ്രത്യേക തിരിച്ചറിയൽ നമ്പറും നൽകുന്നതാണ് നിർദേശിച്ചിരിക്കുന്ന രീതി.

ഇവയെല്ലാം സംയോജിപ്പിച്ചായിരിക്കും ഓരോ വീടിനും ക്യുആർ കോഡ് നൽകുക. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വാർഡ് നമ്പർ മാറിയാലും വീടിന്റെ സ്ഥിരം തിരിച്ചറിയൽ നമ്പർ നിലനിർത്താനാകും.

ക്യുആർ കോഡിൽ ഗ്യാസ്, വൈദ്യുതി വിവരങ്ങളും

വീടിന്റെ ക്യുആർ കോഡിൽ ഗ്യാസ് കണക്ഷൻ, വൈദ്യുതി കണക്ഷൻ, റേഷൻ കാർഡ്, കുടിവെള്ള കണക്ഷൻ തുടങ്ങിയവയുടെ നമ്പറുകളും ഉൾപ്പെടുത്താനാണ് പദ്ധതി. ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഈ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാനാകും.

വീട്ടുടമയുടെ മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടുത്താനുള്ള സംവിധാനവും പരിഗണിക്കുന്നുണ്ട്. ഇതിലൂടെ വീടുകളെ സംബന്ധിച്ച വിവിധ വിവരങ്ങൾ ഏകീകൃത ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

English Summary:

The Kerala Local Self-Government Department has decided in principle to introduce a permanent house numbering system. Each house will receive a unique 10-digit digital number that will remain unchanged even if ward boundaries or local body limits change. A QR code will also be issued, potentially linking details such as electricity, LPG, ration card and water connections, along with the house owner’s mobile number. The Information Kerala Mission has submitted a model proposal to the government.

Share This Article