ഭുവനേശ്വർ: അർണബ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് ആന്ധ്രാപ്രദേശിൽ വ്യാപക നാശനഷ്ടം. മരം വീണും വൈദ്യുതാഘാതമേറ്റും അഞ്ച് സ്ത്രീകളുൾപ്പെടെ എട്ടുപേർ മരിച്ചതായാണ് റിപ്പോർട്ട്. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കാക്കിനട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ തുടരുകയാണ്. അതേസമയം, ചുഴലിക്കാറ്റ് ഒഡീഷയിലേക്കും നീങ്ങിയതോടെ നിരവധി ജില്ലകളിൽ ജാഗ്രത ശക്തമാക്കി.
ആന്ധ്രയിൽ അർണബ് ചുഴലിക്കാറ്റ് വൻനാശം വിതച്ചു
ഇന്നലെ രാവിലെ 8.30ഓടെ നരസ്പൂരിൽ മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിലാണ് അർണബ് കര തൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റായി എത്തിയ ഇത് പിന്നീട് ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറി.
ചുഴലിക്കാറ്റിനെത്തുടർന്ന് 180ലധികം വീടുകൾ തകർന്നു. 93 റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 736 മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. വൈദ്യുത പോസ്റ്റുകളും നിലംപതിച്ചു.
80,000 ഹെക്ടറിലധികം കൃഷി നശിച്ചു
ആന്ധ്രാപ്രദേശിൽ 80,000 ഹെക്ടറിലധികം സ്ഥലത്തെ കൃഷി നശിച്ചതായാണ് കണക്ക്. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനും നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനുമായി കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
അപകടസാധ്യത പൂർണമായി ഒഴിയുന്നതുവരെ ജനങ്ങൾ വീടിനുള്ളിൽ തുടരണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിനകം 57,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ, 38 വിമാന സർവീസുകളും റദ്ദാക്കി.
പവൻ കല്യാൺ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും സഹായവിതരണവും തുടരുകയാണ്.
ഒഡീഷയിലും ജാഗ്രത; 48,000 പേരെ മാറ്റിപ്പാർപ്പിച്ചു
അതേസമയം, അർണബ് ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ ഒഡീഷയിലെ മൽക്കൻഗിരിയിലെത്തി. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നതെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് 26 ട്രെയിൻ സർവീസുകൾ റദ്ദാക്കി.
ഒഡീഷയിൽ 48,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടിലുള്ളത്.
English Summary: Cyclone Arnabh has caused extensive damage in Andhra Pradesh, with eight reported deaths, damaged homes and roads, and major agricultural losses. Relief operations are underway, while Odisha has also evacuated residents and cancelled train services amid weather alerts.
