തിരുവനന്തപുരം: കേരളത്തിൽ പക്ഷാഘാതം ബാധിക്കുന്നവരുടെ നിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിലയിലെന്ന് പഠനം.
സംസ്ഥാനത്ത് ഒരു ലക്ഷത്തിൽ 135 പേർക്ക് പക്ഷാഘാതം ബാധിക്കുമ്പോൾ ദേശീയ ശരാശരി 93 ആണെന്നാണ് കണക്ക്. ആരോഗ്യവകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ സ്ട്രോക്ക് രജിസ്ട്രി നടത്തിയ പഠനത്തിലാണ് ഈ വിവരം.
രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് സമയബന്ധിതമായി ആശുപത്രിയിലെത്തിക്കുന്നതിലെ കാലതാമസം രോഗാവസ്ഥ സങ്കീർണമാക്കുന്നതായും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
45 വയസ്സിന് താഴെയുള്ളവരിലും പക്ഷാഘാതം വർധിക്കുന്നു
പ്രായമായവരിൽ മാത്രമല്ല, 45 വയസ്സിന് താഴെയുള്ളവരിലും പക്ഷാഘാത നിരക്ക് വർധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജീവിതശൈലീ രോഗങ്ങൾ, ഉറക്കക്കുറവ്, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം, പുകവലി, മദ്യപാനം എന്നിവ പക്ഷാഘാത സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
പക്ഷാഘാതം ബാധിക്കുന്നവരിൽ മരണനിരക്ക് 25 ശതമാനമാണെന്നാണ് റിപ്പോർട്ടിലുള്ള കണക്ക്. രോഗത്തെ അതിജീവിക്കുന്നവരിൽ 40 മുതൽ 50 ശതമാനം വരെ പേർക്ക് ദീർഘകാലം നീളുന്ന ചെറുതോ വലുതോ ആയ വൈകല്യങ്ങൾ ഉണ്ടാകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പക്ഷാഘാതം: ലക്ഷണങ്ങൾ തിരിച്ചറിയണം
ലോകത്ത് മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് പക്ഷാഘാതമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നത് ജീവൻ രക്ഷിക്കാനും ദീർഘകാല വൈകല്യങ്ങളുടെ തോത് കുറയ്ക്കാനും സഹായിക്കും.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ന്യൂറോ വിഭാഗം തലവൻ ഡോ. ഫിജു ചാക്കോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ
- മുഖം ഒരു വശത്തേക്ക് കോടുക.
- കൈകളിലോ കാലുകളിലോ പെട്ടെന്ന് ബലക്കുറവോ മരവിപ്പോ അനുഭവപ്പെടുക.
- സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുക.
- പെട്ടെന്ന് കാഴ്ചക്കുറവ് അനുഭവപ്പെടുക.
- ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക.
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തണം
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ അവ സ്വയം മാറുന്നതുവരെ കാത്തിരിക്കരുത്. വീട്ടിൽ ചികിത്സിക്കാൻ ശ്രമിക്കുന്നതും അപകടകരമാണ്. ഉടൻ അടിയന്തര വൈദ്യസഹായം തേടണമെന്ന് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ന്യൂറോ വിഭാഗം തലവൻ ഡോ. രഞ്ജിത്ത് പി.വി. മുന്നറിയിപ്പ് നൽകി.
പക്ഷാഘാതത്തിൽ ചികിത്സ ആരംഭിക്കുന്ന സമയം നിർണായകമാണ്. അതിനാൽ ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടാൽ ഉടൻ ആംബുലൻസ് സഹായം തേടി ആശുപത്രിയിലെത്തിക്കണം.
English Summary: A study by Kerala’s stroke registry reports that the state’s stroke rate is 135 cases per 100,000 people, compared with a national average of 93. Experts warn that delayed treatment can worsen outcomes and urge people to seek emergency medical care immediately when symptoms appear.
