facebook

ഫാറൂഖ് അബ്ദുല്ലയുടെ പാക്കിസ്ഥാൻ പരാമർശം വിവാദത്തിൽ; വിമർശനവുമായി ബിജെപി

2 Min Read

ശ്രീനഗർ: കശ്മീരികളുടെ ശബ്ദം ആഗോളതലത്തിൽ എത്തിക്കുന്നതിൽ പാക്കിസ്ഥാന്റെ നയതന്ത്ര ശ്രമങ്ങൾക്ക് പങ്കുണ്ടെന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന വിവാദത്തിൽ.

പരാമർശം രാജ്യദ്രോഹപരവും പാക്കിസ്ഥാന് അനുകൂലവുമാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം, പ്രസ്താവന ഫാറൂഖ് അബ്ദുല്ലയുടെ വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്ന് സഖ്യകക്ഷിയായ കോൺഗ്രസ് വ്യക്തമാക്കി.

ബാരാമുള്ളയിൽ പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഫാറൂഖ് അബ്ദുല്ല വിവാദ പരാമർശം നടത്തിയത്. ലോകരാജ്യങ്ങളുടെ സമ്മർദം മൂലമാണ് ഇന്ത്യൻ ഭരണകൂടം ഇപ്പോൾ നിശബ്ദത പാലിക്കുന്നതെന്നും പാക്കിസ്ഥാൻ രാജ്യാന്തര വേദികളിൽ കശ്മീർ വിഷയം ഉന്നയിക്കുന്നതിനാലാണ് കശ്മീരികൾക്ക് ഇപ്പോഴും സ്വത്വം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“നമ്മുടെ അയൽക്കാരൻ ലോകത്തെ വിവിധ സ്ഥലങ്ങളിൽ പോയി കശ്മീരികളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതുകൊണ്ടാണ് ജമ്മു കശ്മീരിലെ ജനങ്ങൾ സംരക്ഷിക്കപ്പെടുന്നത്. അങ്ങനെയല്ലായിരുന്നെങ്കിൽ കശ്മീരികളോടുള്ള ഇന്ത്യയുടെ മനോഭാവം മോശമാകുമായിരുന്നു,” ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകനുമായ ഒമർ അബ്ദുല്ല വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ ബിജെപി

ഫാറൂഖ് അബ്ദുല്ല ദേശവിരുദ്ധരുടെ താളത്തിനൊത്ത് പ്രവർത്തിക്കുകയാണെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം രവീന്ദർ റെയ്ന ആരോപിച്ചു. കശ്മീരിലെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്ന പാക്കിസ്ഥാൻ എങ്ങനെയാണ് കശ്മീരികളുടെ സംരക്ഷകരാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

അബ്ദുല്ലയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും റെയ്ന ആവശ്യപ്പെട്ടു.ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് കശ്മീർ മേഖല പൂർണമായി ഇന്ത്യയുമായി സംയോജിച്ചതെന്ന് ബിജെപി വക്താവ് ആർ.പി. സിങ് പറഞ്ഞു.

നിലവിൽ രണ്ടു കോടിയോളം വിനോദസഞ്ചാരികൾ സന്ദർശിക്കുന്നതോടെ കശ്മീർ സാമ്പത്തികമായി മുന്നേറുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.നാഷണൽ കോൺഫറൻസ് പാക്കിസ്ഥാന്റെ മുഖപത്രമായി മാറിയെന്ന് ബിജെപി നേതാക്കളായ യാമിനി ശർമയും യുധ്വീർ സേതിയും ആരോപിച്ചു.

പ്രസ്താവന തള്ളി കോൺഗ്രസ്

ഫാറൂഖ് അബ്ദുല്ലയുടെ പരാമർശത്തെ കോൺഗ്രസ് തള്ളിക്കളഞ്ഞു. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്ന് ജമ്മു കശ്മീർ പിസിസി വക്താവ് കപിൽ സിങ് പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും വിദേശരാജ്യങ്ങളുടെ ഇടപെടൽ ഇന്ത്യ അനുവദിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.അതേസമയം, ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകണമെന്നും കപിൽ സിങ് ആവശ്യപ്പെട്ടു.

English Summary : Former Jammu and Kashmir Chief Minister Farooq Abdullah’s remarks on Pakistan’s diplomatic efforts to raise the Kashmir issue internationally have triggered a political controversy. The BJP accused him of making anti-national and pro-Pakistan statements and demanded a sedition case. The Congress rejected the remarks, calling them Abdullah’s personal opinion, while reiterating that Pakistan has no right to interfere in India’s internal affairs.

Share This Article