ഊട്ടി: നീലഗിരി ജില്ലയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ രൂക്ഷമായതോടെ ഗതാഗതം തടസ്സപ്പെട്ടു.
മേട്ടുപ്പാളയം–ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം–കോത്തഗിരി സംസ്ഥാനപാതയിലും പലയിടങ്ങളിലാണ് മണ്ണും പാറയും ഇടിഞ്ഞുവീണത്. ബർലിയാറിൽ അർധരാത്രി സർക്കാർ ബസിനു മുകളിലേക്ക് മണ്ണും പാറയും പതിച്ച് ഡ്രൈവർ മരിച്ചു.
ഊട്ടി ബെട്ടട്ടി സ്വദേശി കനകരാജ് (50) ആണ് മരിച്ചത്. രാത്രി മുതൽ രാവിലെ വരെ നീലഗിരി ജില്ലയിലും താഴ്വാര പ്രദേശമായ മേട്ടുപ്പാളയത്തും ശക്തമായ മഴ തുടരുകയായിരുന്നു.
അപകടങ്ങളും ഗതാഗത തടസ്സങ്ങളും കണക്കിലെടുത്ത് നീലഗിരിയിൽ ഒക്ടോബർ 26 വരെ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്നീർ അറിയിച്ചു.
ഊട്ടി റോഡുകളിൽ വ്യാപക മണ്ണിടിച്ചിൽ
കൂനൂർ റോഡിൽ 14 ഇടങ്ങളിലും കോത്തഗിരി റോഡിൽ മൂന്ന് ഇടങ്ങളിലും മണ്ണിടിച്ചിലുണ്ടായതായാണ് റിപ്പോർട്ട്. റോഡുകളിൽ മണ്ണും പാറയും അടിഞ്ഞതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു.
ചില പ്രദേശങ്ങളിൽ യാത്രക്കാർക്ക് കിലോമീറ്ററുകളോളം നടന്നാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തേണ്ടിവന്നത്.
ബർലിയാറിൽ പച്ചക്കറി ട്രക്ക് നിയന്ത്രണംവിട്ട് ഏകദേശം 100 അടി താഴ്ചയിലേക്ക് മറിഞ്ഞതിനെത്തുടർന്ന് അതിനു പിന്നിലുണ്ടായിരുന്ന ബസ് നിർത്തിയിട്ടിരുന്നു.
ഇതിനിടെ മണ്ണിടിച്ചിൽ ഉണ്ടായതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. നിലവിൽ ഒരു ബസ് മണ്ണിൽ കുടുങ്ങിക്കിടക്കുന്നതായാണ് ലഭ്യമായ വിവരം.
78 വിദ്യാർഥികളും എട്ട് അധ്യാപകരും റോഡിൽ കുടുങ്ങി
കേരളത്തിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ള സംഘങ്ങൾ മഴക്കെടുതിയിൽ കുടുങ്ങി.
കോട്ടയം ചിങ്ങവനം പള്ളം ബുക്കാനാ ഗേൾസ് ഹൈസ്കൂളിൽനിന്നുള്ള 78 കുട്ടികളും എട്ട് അധ്യാപകരും ഇന്നലെ രാത്രി 11 മണി മുതൽ റോഡിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
മരംവീണ് തകർന്ന മറ്റൊരു ബസ് റോഡിൽനിന്ന് മാറ്റിയശേഷം രക്ഷാപ്രവർത്തകർ കയർ ഉപയോഗിച്ച് വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതമായി മറുഭാഗത്തേക്ക് എത്തിച്ചു. സംഘത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് അധ്യാപകർ അറിയിച്ചു.
കുട്ടികളെയും അധ്യാപകരെയും മേട്ടുപ്പാളയത്തെ ഒരു സ്കൂളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കനത്ത ഗതാഗതക്കുരുക്ക് കാരണം മാറ്റിപ്പാർപ്പിക്കൽ മന്ദഗതിയിലാണ്. കുട്ടികൾക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും തമിഴ്നാട് അധികൃതർ എത്തിച്ചുനൽകിയതായും അധ്യാപകർ പറഞ്ഞു.
രക്ഷാപ്രവർത്തനം ഊർജിതം; ഗതാഗതക്കുരുക്ക് തുടരുന്നു
കേരളത്തിലെ പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നെത്തിയ വിദ്യാർഥികളും സഞ്ചാരികളും ഉൾപ്പെട്ട വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയിരുന്നു.
ചില സംഘങ്ങൾ പുലർച്ചയോടെ മേട്ടുപ്പാളയം ഭാഗത്തുനിന്ന് സുരക്ഷിതമായി പുറപ്പെട്ടതായാണ് റിപ്പോർട്ട്.
കൂനൂർ–മേട്ടുപ്പാളയം കാനനപാതയിൽ ബർലിയാറിനും കൂനൂരിനും ഇടയിൽ വാഹനങ്ങൾ മുന്നോട്ടോ പിന്നോട്ടോ നീക്കാനാകാത്ത സാഹചര്യമുണ്ടായി.
കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
പ്രദേശത്ത് കുടുങ്ങിയവർക്കായി ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനൊപ്പം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്.
ഒക്ടോബർ 26 വരെ വിനോദസഞ്ചാരത്തിന് നിയന്ത്രണം
മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ നീലഗിരി ജില്ലയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പൂജാ അവധിയോടനുബന്ധിച്ച് കേരളത്തിലെ വിവിധ സ്കൂളുകളിൽനിന്നും വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് എത്തുന്ന സമയത്താണ് മഴക്കെടുതി രൂക്ഷമായത്.
അതിനാൽ ഊട്ടി, കൂനൂർ, മേട്ടുപ്പാളയം മേഖലകളിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നവർ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ചശേഷം മാത്രം യാത്ര തീരുമാനിക്കണം.
മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകളിലൂടെ യാത്ര ചെയ്യുന്നതും അപകടസ്ഥലങ്ങളിലേക്ക് കടക്കുന്നതും ഒഴിവാക്കണം.
English Summary:
Heavy rain has triggered multiple landslides on roads connecting Ooty, Mettupalayam and Kotagiri in Tamil Nadu’s Nilgiris district. A government bus driver, Kanakaraj, 50, died after mud and rocks fell on a bus near Burliar. A group of 78 students and eight teachers from a school in Kottayam were stranded but were reported safe. Rescue operations are underway, and tourism restrictions have reportedly been imposed in the Nilgiris until October 26.
