വാഷിങ്ടൺ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ തപാൽ സ്റ്റാമ്പ് പുറത്തിറക്കി യു.എസ്. പോസ്റ്റൽ സർവീസ് (USPS). അമേരിക്കയിൽ ദീപാവലിയെ ആസ്പദമാക്കി സ്റ്റാമ്പ് പുറത്തിറക്കുന്നത് ഇത് രണ്ടാം തവണയാണ്.
2016ലാണ് ഇതിനുമുൻപ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കിയത്. ഇന്ത്യൻ പാരമ്പര്യത്തിന്റെ പ്രതീകമായ വർണാഭമായ രംഗോലി രൂപകൽപ്പനയാണ് പുതിയ സ്റ്റാമ്പിന്റെ സവിശേഷത.
ഇന്ത്യൻ എംബസിയിൽ സ്റ്റാമ്പ് പ്രകാശനം
വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര, യു.എസ്. പോസ്റ്റൽ സർവീസ് സീനിയർ വൈസ് പ്രസിഡന്റ് ഷിബാനി ഗംഭീർ, രംഗോലി രൂപകൽപ്പന ചെയ്ത സംഗീത ഭൂട്ടഡ എന്നിവർ ചേർന്ന് സ്റ്റാമ്പ് പ്രകാശനം ചെയ്തു.
അരിപ്പൊടി, ചോക്ക്, പൂക്കൾ തുടങ്ങിയവ ഉപയോഗിച്ച് തറയിൽ തീർക്കുന്ന പരമ്പരാഗത രംഗോലി ഐശ്വര്യത്തിന്റെ പ്രതീകമാണെന്ന് യു.എസ്. പോസ്റ്റൽ സർവീസ് വിശേഷിപ്പിച്ചു.
രംഗോലി രൂപകൽപ്പന ചെയ്ത് സംഗീത ഭൂട്ടഡ
ഹൂസ്റ്റൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ കലാകാരിയായ സംഗീത ഭൂട്ടഡയാണ് സ്റ്റാമ്പിലെ രംഗോലി രൂപകൽപ്പന ചെയ്തത്. ഏകദേശം 30 വർഷമായി ഈ പുരാതന നാടൻ കലാരൂപം അഭ്യസിച്ചുവരുന്ന അവർ, ഒരു വർഷം മുമ്പാണ് യു.എസ്. പോസ്റ്റൽ സർവീസ് തന്നെ സമീപിച്ചതെന്ന് പിടിഐയോട് പറഞ്ഞു.
താൻ സമർപ്പിച്ച 12 സ്കെച്ചുകളിൽ നാലെണ്ണമാണ് അധികൃതർ തിരഞ്ഞെടുത്തത്. സ്റ്റാമ്പിൽ രൂപകൽപ്പന കൂടുതൽ വ്യക്തമായി കാണുന്നതിനായി തിളക്കമുള്ള നിറങ്ങൾ ഉപയോഗിക്കണമെന്ന നിർദേശം മാത്രമാണ് ലഭിച്ചതെന്നും സംഗീത ഭൂട്ടഡ വ്യക്തമാക്കി.
എട്ട് അടി വ്യാസമുള്ള രംഗോലി
നീല, ഓറഞ്ച്, പച്ച, ചുവപ്പ്, വെള്ള തുടങ്ങിയ തിളക്കമുള്ള നിറങ്ങൾ ഉപയോഗിച്ചാണ് എട്ട് അടി വ്യാസമുള്ള യഥാർഥ രംഗോലി ഒരുക്കിയത്. ജെന്നിഫർ അർണാൾഡാണ് സ്റ്റാമ്പ് രൂപകൽപ്പന ചെയ്തത്.
വില്യം ജെ. ഗിക്കർ ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്കാരങ്ങളെ ആദരിക്കുന്നതിനായി 1893 മുതൽ യു.എസ്. പോസ്റ്റൽ സർവീസ് സ്റ്റാമ്പുകൾ പുറത്തിറക്കുന്നുണ്ടെന്ന് ഷിബാനി ഗംഭീർ ചടങ്ങിൽ പറഞ്ഞു.
അമേരിക്കയുടെ ബഹുസാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതിൽ ഇത്തരം സ്റ്റാമ്പുകൾക്ക് പ്രധാന പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ പാരമ്പര്യത്തിന് ആദരം
പുരാതനമായ രംഗോലി കലാരൂപത്തെ പുതിയ തലമുറയിലേക്ക് പരിചയപ്പെടുത്തുന്നതിൽ സംഗീത ഭൂട്ടഡ നൽകിയ സംഭാവനയെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര അഭിനന്ദിച്ചു.
ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ ദീപാവലി ആശംസകൾ കൈമാറുകയും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക സ്വാധീനത്തെ പ്രശംസിക്കുകയും ചെയ്തു.
English Summary : The US Postal Service has released a new stamp celebrating Diwali, marking the second time it has issued a stamp dedicated to the festival, following the first in 2016. The stamp features a rangoli design created by Houston-based Indian artist Sangeeta Bhootada. The stamp was unveiled at the Indian Embassy in Washington, attended by Indian Ambassador Vinay Mohan Kwatra and USPS Senior Vice President Shibani Ghambeer.
