യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസുമായും യുക്രെയ്നുമായും ചർച്ച പുനരാരംഭിക്കാൻ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മുതിർന്ന സഹായി യൂറി ഉഷാക്കോവ് അറിയിച്ചു.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പ്രഖ്യാപനം. അടുത്ത മാസം യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയിൽ പുതിയ ചർച്ചകൾ നടന്നേക്കുമെന്നും ഉഷാക്കോവ് സൂചിപ്പിച്ചു.
അബുദാബിയിൽ അടുത്ത ഘട്ട ചർച്ചയ്ക്ക് സാധ്യത
ബുധനാഴ്ച സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഉഷാക്കോവ് ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്. നവംബർ 10-നോട് അടുത്ത് പുതിയ ഘട്ടം ആരംഭിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ സൂചന.
എന്നാൽ കൃത്യമായ തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.റഷ്യയുടെയും യുക്രെയ്നിന്റെയും സുരക്ഷാ സംവിധാനങ്ങൾ യുദ്ധാനന്തര സാഹചര്യത്തിൽ എങ്ങനെ രൂപപ്പെടുത്തണമെന്നതായിരിക്കണം ചർച്ചകളുടെ പ്രധാന വിഷയമെന്നും ഉഷാക്കോവ് പറഞ്ഞു.
ചർച്ചയ്ക്കായി വിറ്റ്കോഫ് പുടിന് മുന്നിൽ വെച്ച നിർദേശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായിട്ടില്ല.യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും യൂറോപ്യൻ സഖ്യകക്ഷികളും ചർച്ചകൾ ഉടൻ പുനരാരംഭിക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരിയിൽ നിർത്തിവെച്ച ചർച്ചകൾ വീണ്ടും തുടങ്ങണമെന്നാണ് അവരുടെ നിലപാട്.
യുഎസ്-റഷ്യ-യുക്രെയ്ൻ ത്രികക്ഷി ചർച്ച
യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഡൊണാൾഡ് ട്രംപിന്റെ മരുമകനും ചർച്ചകളിലെ പ്രധാന ഇടനിലക്കാരനുമായ ജാരഡ് കുഷ്നറും ചേർന്ന് സാങ്കേതികതലത്തിൽ ത്രികക്ഷി ചർച്ച നടത്താനുള്ള നിർദേശം മുന്നോട്ടുവെച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ ബിബിസിയോട് പറഞ്ഞു.
യുഎസ്, റഷ്യ, യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിനുള്ള നിർദേശം ആദ്യം ഓസ്ലോയിൽ യുക്രെയ്നും പിന്നീട് പീറ്റേഴ്സ്ബർഗിൽ റഷ്യയും അംഗീകരിച്ചതായാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.
വിറ്റ്കോഫ് തിങ്കളാഴ്ച നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ സെലൻസ്കിയുമായും നോർവേ, ഫിൻലൻഡ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെന്റ് പീറ്റേഴ്സ്ബർഗിലെത്തി.
ഓസ്ലോയിലെ ചർച്ചകളിൽ യുക്രെയ്നുള്ള ശക്തമായ സുരക്ഷാ ഉറപ്പുകളും ഊർജമേഖലയുമായി ബന്ധപ്പെട്ട വെടിനിർത്തൽ നിർദേശങ്ങളും ചർച്ച ചെയ്തതായി സെലൻസ്കി പറഞ്ഞു. എന്നാൽ ഈ നിർദേശങ്ങൾ അത്ര പ്രയോജനകരമല്ലെന്നാണ് ഉഷാക്കോവിന്റെ പ്രതികരണം.
ഓസ്ലോയിലെയും സെന്റ് പീറ്റേഴ്സ്ബർഗിലെയും ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്ന് വിറ്റ്കോഫും വിശേഷിപ്പിച്ചു.യുദ്ധഭൂമിയിലെ മേൽക്കൈയെച്ചൊല്ലി റഷ്യൻ സൈന്യം വിശാലമായ യുദ്ധമുന്നണിയിലെ എല്ലാ മേഖലകളിലും മുന്നേറുകയാണെന്നും യുദ്ധത്തിൽ തന്ത്രപരമായ മുൻതൂക്കം റഷ്യയ്ക്കാണെന്നും പുടിൻ ആവർത്തിച്ചതായി ഉഷാക്കോവ് അറിയിച്ചു.
എന്നാൽ ഈ അവകാശവാദം യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും തള്ളുന്നു. യുദ്ധമുന്നണിയിൽ കാര്യമായ മാറ്റമില്ലാത്ത അവസ്ഥയാണെന്നാണ് അവരുടെ വിലയിരുത്തൽ.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതിനു പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടങ്ങിയത്. റഷ്യ, യുക്രെയ്ൻ, യുഎസ് പ്രതിനിധികൾ പല ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല.
കഴിഞ്ഞ മാസം റഷ്യയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിനിടെ യുക്രെയ്ൻ നടത്തിയ വ്യാപക ആക്രമണങ്ങളാണ് ചർച്ചകൾ തടസ്സപ്പെടാൻ കാരണമെന്ന് മോസ്കോ ആരോപിച്ചിരുന്നു.
അതേസമയം, റഷ്യൻ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ ഇന്റർസെപ്റ്ററുകളുടെ കടുത്ത ക്ഷാമം യുക്രെയ്ൻ നേരിടുന്നുണ്ടെന്നും യുദ്ധഭൂമിയിലെ സാഹചര്യങ്ങൾ റഷ്യയ്ക്ക് അനുകൂലമാണെന്നുമാണ് റഷ്യയുടെ വിലയിരുത്തൽ.
ട്രംപിന്റെ നിലപാടിൽ യുക്രെയ്ൻ-യുഎസ് ഭിന്നത
സമാധാന ചർച്ചകൾക്കുള്ള നീക്കങ്ങൾക്കിടെ യുക്രെയ്നും യുഎസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും രൂക്ഷമാണ്. യുക്രെയ്നിന് പുതിയ പ്രസിഡന്റ് വേണമെന്നും രാജ്യത്തിനുവേണ്ടി മറ്റൊരാൾ ചർച്ചകൾ നടത്തേണ്ട സമയമായെന്നും ട്രംപ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
യുക്രെയ്ൻ റഷ്യൻ എണ്ണശുദ്ധീകരണശാലകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളാണ് ഇന്ധനവില ഉയരാൻ കാരണമെന്ന ആരോപണവും ട്രംപ് ഉന്നയിച്ചു. ഇറാനെതിരായ യുഎസ് നേതൃത്വത്തിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിലാണ് ഈ പരാമർശം.
റഷ്യയ്ക്കെതിരായ ഉപരോധങ്ങളിൽ ഇളവ് വരുത്തി
റഷ്യൻ ഡീസൽ അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും എത്തിക്കാൻ അനുവദിച്ച ട്രംപ് ഭരണകൂടത്തിന്റെ തീരുമാനവും വിമർശനത്തിന് ഇടയാക്കി. റഷ്യൻ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ പുതിയ ഉപരോധങ്ങളും തീരുവകളും ഏർപ്പെടുത്താൻ അധികാരം നൽകുന്ന നിയമത്തിൽ ഒപ്പുവെച്ച് ആഴ്ചകൾക്കകമായിരുന്നു ഈ നീക്കം.
ഡെമോക്രാറ്റിക് പാർട്ടിയിലെയും റിപ്പബ്ലിക്കൻ പാർട്ടിയിലെയും ചില നിയമനിർമാതാക്കൾ തീരുമാനത്തെ വിമർശിച്ചു. സെലൻസ്കിയും യൂറോപ്യൻ സഖ്യകക്ഷികളും എതിർപ്പ് അറിയിച്ചു.
രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നതിലും തർക്കംറഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ രഹസ്യാന്വേഷണ വിവരങ്ങൾ യുഎസ് കൈമാറുന്നില്ലെന്ന് കഴിഞ്ഞയാഴ്ച യുക്രെയ്ൻ ആരോപിച്ചിരുന്നു.
ഇതുമൂലം നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും കീവ് ആരോപിച്ചു. എന്നാൽ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആരോപണങ്ങളെ ശക്തമായി തള്ളി.
ഓസ്ലോയിലെ ചർച്ചകൾക്കു ശേഷം രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്ന സംവിധാനം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് സെലൻസ്കി പറഞ്ഞു.ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയിലെ വേഗപരിമിതികൾ യുക്രെയ്ൻ സൈന്യത്തിന്റെ ഡ്രോൺ ആക്രമണങ്ങളെ ബാധിച്ചെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഇതിന് യുഎസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടില്ലെന്നാണ് അവരുടെ നിലപാട്. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് യുഎസിലെ ഇരുപാർട്ടികളിലെയും ഒരു സംഘം സെനറ്റർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ പൗരനെ റഷ്യ മോചിപ്പിച്ചു
പുടിൻ-വിറ്റ്കോഫ് കൂടിക്കാഴ്ച ആരംഭിക്കുന്നതിന് മുമ്പ്, യുക്രെയ്നുവേണ്ടി പോരാടിയെന്ന ആരോപണത്തിൽ റഷ്യയിൽ തടവിലായിരുന്ന 74 വയസ്സുകാരനായ അമേരിക്കൻ പൗരൻ സ്റ്റീഫൻ ഹബ്ബാർഡിനെ മോചിപ്പിച്ചു. ഏകദേശം ഏഴുവർഷത്തെ തടവുശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചിരുന്നത്.
ഹബ്ബാർഡ് നാട്ടിലേക്ക് മടങ്ങുകയാണെന്നും മോചനത്തിനായി തടവുകാരെ കൈമാറേണ്ടി വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. മോചനത്തിന് സമ്മതിച്ചതിന് പുടിനെ ‘മനുഷ്യത്വമുള്ള നേതാവ്’ എന്ന് വിറ്റ്കോഫ് വിശേഷിപ്പിച്ചു.
ഈ വിശേഷണത്തോട് യോജിക്കുന്നുണ്ടോ എന്ന ബിബിസി റിപ്പോർട്ടറുടെ ചോദ്യത്തിന്, ഒരു അമേരിക്കൻ പൗരനെ മോചിപ്പിച്ച വ്യക്തിയോട് നയതന്ത്രജ്ഞൻ നല്ല വാക്കുകൾ പറയുന്നതിനെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മറുപടി.
വിറ്റ്കോഫിന്റെ വാക്കുകളേക്കാൾ അദ്ദേഹം അമേരിക്കൻ പൗരനെ മോചിപ്പിക്കാൻ ഇടയാക്കിയതിലാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും വാൻസ് വ്യക്തമാക്കി.
English Summary: Russia has expressed its readiness in principle to resume peace talks with the United States and Ukraine, following a meeting between President Vladimir Putin and US envoy Steve Witkoff in St Petersburg. Russian aide Yuri Ushakov suggested that another round could take place in Abu Dhabi around 10 November, while a US official said a trilateral technical-level meeting had been accepted by both sides. The diplomatic push comes amid disagreements over battlefield conditions, US policy towards Russia, intelligence sharing and security guarantees for Ukraine. Russia also released 74-year-old American Stephen Hubbard before the Putin-Witkoff meeting.
