തിരുവല്ല: പുളിക്കീഴിൽ മൂന്ന് വർഷം മുൻപ് ചതുപ്പിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കേസിൽ കുഞ്ഞിന്റെ അമ്മയും പാലക്കാട് മീങ്കര സ്വദേശിനിയുമായ മഞ്ജു (45)യെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കാമുകനായ ശിവയാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് മഞ്ജു നൽകിയ മൊഴി. കേസിൽ ശിവയ്ക്കും സഹോദരൻ ശക്തിക്കുമായി പൊലീസ് അന്വേഷണം ആരംഭിച്ചു.
2023ൽ ചതുപ്പിൽ കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹം
2023 ഓഗസ്റ്റ് 12നാണ് പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപത്തെ ചതുപ്പിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കൊലപാതകമാണെന്ന വിവരം പുറത്തുവരുന്നത്. കേസിൽ നിർണായകമായത് മഞ്ജു നൽകിയ മൊഴിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചങ്ങനാശ്ശേരിയിലെ കടത്തിണ്ണയിൽ കൊലപാതകം
ആൺസുഹൃത്തായ ശിവയ്ക്കൊപ്പമുണ്ടായിരുന്നപ്പോൾ കുഞ്ഞ് കരഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
ചങ്ങനാശ്ശേരി കെഎസ്ആർടിസി ജംക്ഷനിലെ ഒരു കടയുടെ തിണ്ണയിൽവച്ചാണ് ശിവ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് മഞ്ജു മൊഴി നൽകിയതായി പൊലീസ് പറയുന്നു.
പാലക്കാട്ടെ തർക്കത്തിനിടെ കൊലപാതക വിവരം പുറത്ത്
കഴിഞ്ഞ ദിവസം പാലക്കാട് വച്ച് മഞ്ജുവും ശിവയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ ഇരുവരും കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പരസ്പരം കുറ്റപ്പെടുത്തിയെന്നാണ് വിവരം.
ഇതേക്കുറിച്ച് പ്രദേശവാസികൾ വഴി അറിഞ്ഞ എസ്സി പ്രമോട്ടർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവത്തിൽ തുടർനടപടികളുണ്ടായത്.
ശിവയ്ക്കും സഹോദരൻ ശക്തിക്കുമായി അന്വേഷണം
കേസിൽ മഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ശിവയെയും കൂട്ടുപ്രതിയായ സഹോദരൻ ശക്തിയെയും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.
English Summary : Police have classified the discovery of a baby girl’s body in a marsh near St. Mary’s Orthodox Church in Pulikeezhu, Thiruvalla, in August 2023 as a murder. The child’s mother, Manju, 45, from Meenkara in Palakkad, has been taken into custody. According to her statement, her partner Shiva allegedly suffocated the child in Changanassery. Police have launched a search for Shiva and his brother Shakthi.
