തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സ്പോൺസർഷിപ് വിവാദത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സർക്കാർ ഗവർണറുടെ അനുമതി തേടി.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുസംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറി. ഇടപാടിലെ ക്രമക്കേടുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം മുൻ മന്ത്രിയടക്കം അഞ്ചുപേർക്കെതിരെ കേസെടുക്കാൻ ശുപാർശ ചെയ്തിരുന്നു.
ഗവർണറുടെ അനുമതി തേടിയത് നിയമോപദേശങ്ങൾക്കു പിന്നാലെ
ഗവർണർ രാജേന്ദ്ര അർലേക്കർ തിങ്കളാഴ്ച രാജ്ഭവനിൽ തിരിച്ചെത്തിയശേഷം അപേക്ഷയിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 22ന് പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ ചുമതലയേൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി ആരോപണങ്ങളിൽ ആഭ്യന്തരവകുപ്പിന് നേരിട്ട് അന്വേഷണത്തിന് ഉത്തരവിടാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽനിന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
എന്നാൽ, മന്ത്രിയായിരിക്കെ നടന്നതായി ആരോപിക്കുന്ന ക്രമക്കേടുകളിൽ കേസെടുക്കാൻ ഗവർണറുടെ അനുമതി തേടണമെന്ന നിലപാടും നിയമവകുപ്പ് മുന്നോട്ടുവച്ചു. ഇതേത്തുടർന്നാണ് സർക്കാർ ഗവർണറെ സമീപിച്ചത്.
126 കോടി രൂപ കൈമാറിയതിന് രേഖകളില്ലെന്ന് മന്ത്രി
അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയെന്ന വാദം സ്ഥിരീകരിക്കുന്ന രേഖകൾ സർക്കാരിന്റെ പക്കലില്ലെന്ന് കായികമന്ത്രി ഒ.ജെ. ജെനീഷ് നിയമസഭയിൽ അറിയിച്ചു.
എഎഫ്എയ്ക്ക് ഏകദേശം 126 കോടി രൂപ നൽകിയെന്നാണ് സ്പോൺസർ അവകാശപ്പെടുന്നത്.
എന്നാൽ, പണമിടപാട് സ്ഥിരീകരിക്കുന്ന ബാങ്ക് ഡെബിറ്റ് അഡ്വൈസ്, സ്വിഫ്റ്റ് പകർപ്പ്, ഫോം എ2, ഫോം 15സിബി, ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റ്, ഔദ്യോഗിക പണമടവ് രസീത് എന്നിവ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഷയവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അഞ്ചുപേർക്കെതിരെ കേസെടുക്കാൻ ശുപാർശ
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ഈ മാസം അഞ്ചിന് സർക്കാരിന് കൈമാറിയിരുന്നു.
മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.
അബ്ദുറഹിമാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി, സ്ഥാപന ഉടമ ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെയും കേസെടുക്കാൻ അന്വേഷണസംഘം ശുപാർശ ചെയ്തിട്ടുണ്ട്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തൽ
സ്പോൺസറായ സ്വകാര്യസ്ഥാപനത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി മുൻ കായികമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രധാന കണ്ടെത്തൽ.
അർജന്റീന ഫുട്ബോൾ ഇടപാടുമായി ബന്ധപ്പെട്ട് സർക്കാർ രേഖകൾ ദുരുപയോഗം ചെയ്തതായും സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
മുൻ കായികമന്ത്രിയുടെയും സ്പോർട്സ് സെക്രട്ടറിയുടെയും ഡയറക്ടറുടെയും സ്പെയിൻ യാത്രയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
English Summary : The Kerala government has sought the Governor’s approval to register a case under the Prevention of Corruption Act against former Sports Minister V. Abdurahiman over alleged irregularities in the Argentina football sponsorship deal linked to Lionel Messi’s proposed visit to Kerala. A Special Investigation Team recommended cases against five individuals and entities. Sports Minister O. J. Jeneesh told the Assembly that the government does not have documents confirming the sponsor’s claim that approximately ₹126 crore was transferred to the Argentina Football Association. The investigation also covers alleged misuse of official records, financial losses to the government and the Spain trip undertaken by the former minister and sports officials.
