facebook

നെടുമ്പാശേരി അപകടം: പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

3 Min Read

കൊച്ചി: നെടുമ്പാശേരിയിൽ സ്കൂട്ടറിന് പിന്നിൽ ആഡംബര കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളേക്ക് മാറ്റി.

ഒന്നാം പ്രതി സുഹൈൽ സജീവ്, ഇയാൾ മദ്യപിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വാദം പൂർത്തിയായത്.

പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും മരിച്ചവരുടെ കുടുംബങ്ങൾക്കുവേണ്ടി ഹാജരായ അഭിഭാഷകരും ആവശ്യപ്പെട്ടു.

പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളി പ്രോസിക്യൂഷൻ

മൂന്ന് പേർ ഒരു സ്കൂട്ടറിൽ യാത്ര ചെയ്തതും അപകടത്തിന് കാരണമായെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദങ്ങളിലൊന്ന്. എന്നാൽ, ഇതിന്റെ പേരിൽ കാറിടിച്ച് അപകടമുണ്ടാക്കാനാകുമോയെന്ന് കോടതി ചോദിച്ചു.

സ്കൂട്ടറിലെ യാത്ര നിയമലംഘനമാണെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ, മൂന്ന് പേരും മരിച്ച സാഹചര്യത്തിൽ ഇനി എന്ത് നടപടി സ്വീകരിക്കാനാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം.അപകടം നേരിട്ട് കണ്ടിട്ടില്ലെന്ന് പ്രിയാദ് എന്ന സാക്ഷിയുടെ മൊഴി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ മറ്റൊരു വാദം.

കാർ വെട്ടിച്ചുകടന്നുപോയെന്നായിരുന്നു സാക്ഷിയുടെ മൊഴിയെന്നും അപകടം കണ്ടെന്ന വാദത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നില്ലെന്നും പ്രതിഭാഗം പറഞ്ഞു. ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടും എഫ്ഐആറും തമ്മിൽ വ്യത്യാസമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

അനുവദനീയമായതിന്റെ 5.3 മടങ്ങ് മദ്യമെന്ന് പരിശോധനഫലം

ഇതൊരു സാധാരണ വാഹനാപകടമാണെന്നും തങ്ങൾക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ പ്രചാരണം നടക്കുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

ഇതിന്റെ ഭാഗമായാണ് കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതെന്നും അവ നിലനിൽക്കില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.എന്നാൽ, പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ഗുരുതരമായ പ്രാഥമിക തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ഒന്നാം പ്രതി അനുവദനീയമായ അളവിന്റെ 5.3 മടങ്ങ് മദ്യം ഉപയോഗിച്ചിരുന്നതായി പരിശോധനാഫലം വ്യക്തമാക്കുന്നു. നാലു പ്രതികളും ബാറിൽ പ്രവേശിക്കുന്നതിന്റെയും പുറത്തുവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും കാർ അമിതവേഗത്തിലായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

മദ്യപിച്ചെന്ന് അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന് ആരോപണം

കാർ ഓടിച്ചിരുന്ന സുഹൈൽ മദ്യപിച്ചിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർക്കും അറിയാമായിരുന്നിട്ടും അവർ യാത്ര തടഞ്ഞില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സംഭവത്തെ സാധാരണ അപകടമായി കാണാനാകില്ലെന്നും പ്രോസിക്യൂഷനും മരിച്ചവരുടെ കുടുംബങ്ങൾക്കുവേണ്ടി ഹാജരായ അഭിഭാഷകരും കോടതിയെ അറിയിച്ചു.ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷകളിൽ വിധി പറയുന്നത് കോടതി നാളേക്ക് മാറ്റിയത്.

മൂന്ന് പേരുടെ മരണം; എഫ്ഐആറിനെച്ചൊല്ലിയും വിവാദം

ഈ മാസം 11ന് പുലർച്ചെ 1.45നാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർ കാർ പിന്നിലിടിച്ചതിനെ തുടർന്ന് തൽക്ഷണം മരിച്ചു.

കാർ ഓടിച്ചിരുന്ന സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.എഫ്ഐആറിൽ പ്രതിയുടെ പേരും ഇയാൾ മദ്യപിച്ചിരുന്ന വിവരവും ഉൾപ്പെടുത്താതിരുന്നത് നേരത്തെ വിവാദമായിരുന്നു.

പിന്നീട് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രതി മദ്യപിച്ചിരുന്നതായി വ്യക്തമാക്കിയത്. തുടർന്നുവന്ന പരിശോധനാഫലത്തിലും സുഹൈൽ അമിതമായി മദ്യം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. 100 മില്ലിലീറ്റർ രക്തത്തിൽ 30 മില്ലിഗ്രാം എന്ന അനുവദനീയ പരിധിയുടെ 5.3 മടങ്ങായിരുന്നു മദ്യത്തിന്റെ അളവ്.

ബാറുകളുടെ ലൈസൻസ് നടപടി ഒരാഴ്ചയ്ക്കകം തീരുമാനിക്കണം

മദ്യപിക്കാനുള്ള നിയമപരമായ പ്രായപരിധി തികയാത്ത പ്രതികൾക്ക് മദ്യം നൽകിയെന്ന ആരോപണത്തിൽ പാലാരിവട്ടം, വൈറ്റില, നെടുമ്പാശേരി എന്നിവിടങ്ങളിലെ മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മിഷണർ സസ്പെൻഡ് ചെയ്തിരുന്നു.

ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നും ബാർ ഉടമകൾക്ക് നോട്ടിസ് നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് രണ്ട് ബാർ ഉടമകൾ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, നോട്ടിസിന് ഉടമകൾ നൽകിയ മറുപടി പരിശോധിച്ച് ഏഴു ദിവസത്തിനകം തീരുമാനമെടുക്കാൻ എക്സൈസ് കമ്മിഷണർക്ക് നിർദേശം നൽകി.

English Summary: The Angamaly Magistrate Court has postponed its verdict on the bail pleas of four accused in the Nedumbassery accident case in which three scooter riders were killed. The prosecution opposed bail, citing evidence that the driver, Suhail Sajeev, had consumed 5.3 times the permitted alcohol limit and that the car was speeding. Separately, the Kerala High Court directed the Excise Commissioner to decide within seven days on responses submitted by two bar owners challenging licence-related action following allegations that alcohol was served to underage individuals.

Share This Article