കോവളം/തിരുവനന്തപുരം: പരമ്പരാഗത കരകൗശല മേഖലയിലെ മികവിനും സർഗാത്മകതയ്ക്കുമുള്ള ദേശീയ അംഗീകാരമായ 2025-ലെ ശിൽപഗുരു, ദേശീയ അവാർഡുകളിൽ കേരളത്തിന് അഭിമാനനേട്ടം.
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ കലാകാരന്മാരായ എ. പ്രതാപും ആശ ജി. കൃഷ്ണയും പുരസ്കാരങ്ങൾ സ്വന്തമാക്കി.
നാളികേരച്ചകിരി ഉപയോഗിച്ചുള്ള ശിൽപനിർമാണത്തിൽ എ. പ്രതാപ് ശിൽപഗുരു പുരസ്കാരം നേടിയപ്പോൾ, പേപ്പർ ക്വില്ലിങ് വിഭാഗത്തിൽ ആശ ജി. കൃഷ്ണ ദേശീയ അവാർഡ് നേടി.
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കമ്മീഷണറാണ് പുരസ്കാരങ്ങൾ നൽകുന്നത്.
പരമ്പരാഗത കരകൗശല പൈതൃകത്തിന് ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഈ നേട്ടം സഹായിക്കുമെന്ന് ക്രാഫ്റ്റ്സ് വില്ലേജ് അധികൃതർ അറിയിച്ചു.
പേപ്പർ ക്വില്ലിങ്ങിൽ ചരിത്രനേട്ടവുമായി ആശ
പേപ്പർ ക്വില്ലിങ് വിഭാഗത്തിൽ ദേശീയ അവാർഡ് നേടിയ ആശ ജി. കൃഷ്ണ കേരളത്തിൽനിന്ന് ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും സ്വന്തമാക്കി.
പേപ്പർ ക്വില്ലിങ് വിദ്യ ഉപയോഗിച്ച് നിർമിച്ച കഥകളി രൂപത്തിനാണ് ആശയ്ക്ക് പുരസ്കാരം ലഭിച്ചത്.
ഏകദേശം എട്ടര അടി ഉയരവും ആറടി വീതിയുമുള്ള കലാസൃഷ്ടി പൂർത്തിയാക്കാൻ രണ്ടര വർഷമെടുത്തു.
കടലാസിന്റെ നേർത്ത ചുരുളുകൾ സൂക്ഷ്മതയോടെയും ക്ഷമയോടെയും ക്രമീകരിച്ചാണ് കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ ആശ ആവിഷ്കരിച്ചത്.
രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും
ആശയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരത്തിൽ രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നു.
പേപ്പർ ക്വില്ലിങ് പോലുള്ള കലാരീതികളിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പുതിയ ആവിഷ്കാരങ്ങളിലൂടെ അവതരിപ്പിക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ സൃഷ്ടി.
ചകിരിയിൽ തീർത്ത ഡ്രാഗൺ ശിൽപത്തിന് ശിൽപഗുരു
നാളികേരച്ചകിരി ഉപയോഗിച്ച് നിർമിച്ച ഡ്രാഗൺ ശിൽപത്തിനാണ് തിരുവനന്തപുരം കോവളം സ്വദേശി എ. പ്രതാപിന് ശിൽപഗുരു പുരസ്കാരം ലഭിച്ചത്. അഞ്ചടി നീളവും മൂന്നടി ഉയരവുമുള്ള ശിൽപം പൂർത്തിയാക്കാൻ രണ്ടര മാസമെടുത്തു.
പ്രകൃതിദത്തമായ ചകിരിയെ സൂക്ഷ്മമായ കലാവൈദഗ്ധ്യത്തിലൂടെ മനോഹരമായ ശിൽപമാക്കി മാറ്റിയ സൃഷ്ടി പരമ്പരാഗത കരകൗശലവിദ്യയുടെ സാധ്യതകൾ വ്യക്തമാക്കുന്നു.
പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കലാപരമായ മികവ് കൈവരിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണ് പ്രതാപിന്റെ ശിൽപം.
മൂന്നു ലക്ഷം രൂപയും 20 ഗ്രാം സ്വർണവും
ശിൽപഗുരു പുരസ്കാരത്തിൽ മൂന്നു ലക്ഷം രൂപയും 20 ഗ്രാം സ്വർണവും ഉൾപ്പെടുന്നു. 1994-ലും 2012-ലും ദേശീയ അവാർഡ് നേടിയിട്ടുള്ള പ്രതാപിന് ഈ പുരസ്കാരം നേട്ടങ്ങളുടെ തുടർച്ചയാണ്.
രാഷ്ട്രപതിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന നിമിഷത്തിനായി അഭിമാനത്തോടെ കാത്തിരിക്കുകയാണെന്ന് പ്രതാപ് പറഞ്ഞു.
പരമ്പരാഗത കലകൾക്ക് കൂടുതൽ കരുത്ത്
കേരളത്തിന്റെ തനത് കരകൗശല പാരമ്പര്യം സംരക്ഷിക്കുകയും സമകാലിക കലാസങ്കൽപ്പങ്ങളുമായി കൂട്ടിയിണക്കുകയും ചെയ്യുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ പ്രവർത്തനങ്ങൾക്ക് ഈ നേട്ടങ്ങൾ കൂടുതൽ കരുത്തേകും.
കലാകാരന്മാരുടെ കഴിവുകൾക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിക്കുന്നത് പരമ്പരാഗത കരകൗശലവിദ്യകളുടെ സാധ്യതകളും മൂല്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ പ്രചോദനമാകുമെന്ന് ക്രാഫ്റ്റ്സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു. ശ്രീപ്രസാദ് പറഞ്ഞു.
English Summary:
Artists from Kerala Arts and Crafts Village have won two national honours for 2025. A. Prathap received the Shilp Guru Award for a dragon sculpture made from coconut coir, while Asha G. Krishna won a National Award for a large Kathakali artwork created using paper quilling. Asha is the first woman from Kerala to receive an award in this category, according to the press release.
