തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക മഴ തുടർന്നേക്കും.
വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 15: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ഒക്ടോബർ 16: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ഒക്ടോബർ 17: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്.
ഒക്ടോബർ 18: കോഴിക്കോട്, വയനാട്, കണ്ണൂർ.
ഒക്ടോബർ 19: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട്.
ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
ഇടിമിന്നൽ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.
- മരങ്ങൾക്കു താഴെ അഭയം തേടരുത്.
- കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
- അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കുക.
English Summary:
The India Meteorological Department has issued rain alerts across Kerala as the northeast monsoon sets in. Pathanamthitta, Kottayam, Idukki and Ernakulam are under an orange alert for the possibility of very heavy rain in isolated areas. Yellow alerts have also been issued for several districts through October 19, with thunderstorms possible.
