ന്യൂഡൽഹി: ഫോൺ വിളിക്കുന്നയാളുടെ പേരും നമ്പറും സ്ക്രീനിൽ കാണിക്കുന്ന കോളർ ഐഡി സംവിധാനമായ കോളിംഗ് നെയിം പ്രസന്റേഷൻ (സിഎൻഎപി) നടപ്പാക്കാൻ ടെലികോം സേവനദാതാക്കൾക്ക് കേന്ദ്രസർക്കാർ നിർദേശം. നവംബർ 1 മുതൽ സംവിധാനം അവതരിപ്പിക്കാനാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയുടെ അംഗീകൃത കോളർ ഐഡന്റിഫിക്കേഷൻ സംവിധാനമായ സിഎൻഎപി വഴി, നമ്പർ ഫോണിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് തിരിച്ചറിയാൻ സാധിക്കും.
ഉത്തരവ് പ്രകാരം, 4ജി, 5ജി നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സിഎൻഎപി സംവിധാനം ഡിഫോൾട്ടായി ലഭ്യമാക്കും. 2ജി, 3ജി നെറ്റ്വർക്കുകളിലും പൊതു ടെലിഫോൺ നെറ്റ്വർക്കുകളിലും സൗകര്യം നടപ്പാക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കുമെന്നും നിർദേശത്തിൽ പറയുന്നു.
കോൾ വരുമ്പോൾ പേരും നമ്പറും സ്ക്രീനിൽ
ഒരു ഫോൺ കോൾ എത്തുമ്പോൾ സ്ക്രീനിൽ വിളിക്കുന്നയാളുടെ നമ്പറും പേരും കാണാനാകും. നമ്പർ ഇതിനകം കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ ഉപയോക്താവ് നൽകിയ പേരായിരിക്കും കാണിക്കുക. നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിൽ ആഭ്യന്തര കോളുകളിൽ ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസിൽ രേഖപ്പെടുത്തിയ പേരാണ് തെളിയുക.
അന്താരാഷ്ട്ര കോളുകൾ ലഭിക്കുമ്പോൾ സ്ക്രീനിൽ ‘ഇന്റർനാഷണൽ കോൾ’ എന്ന അറിയിപ്പ് കാണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ടെലികോം കമ്പനികൾക്ക് പ്രത്യേക ഡാറ്റാബേസ്
ഓരോ ടെലികോം സേവനദാതാവും ഉപഭോക്താക്കളുടെ പേരുകളും ഫോൺ നമ്പറുകളും ബന്ധിപ്പിച്ചുള്ള ഡാറ്റാബേസ് സജ്ജീകരിക്കണം. കോൾ സ്വീകരിക്കുന്നയാളുടെ ടെലികോം ഓപ്പറേറ്റർ ഈ ഡാറ്റാബേസിൽനിന്ന് വിളിക്കുന്നയാളുടെ പേര് കണ്ടെത്തി ഉപയോക്താവിന്റെ ഫോണിലേക്ക് കൈമാറും.
ഇതിലൂടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത നമ്പറുകളിൽനിന്നുള്ള കോളുകൾ തിരിച്ചറിയാൻ ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം ലഭിക്കും.
വിളിക്കുന്നയാളുടെ പേര് സൂക്ഷിക്കരുത്
സിഎൻഎപി സംവിധാനം നടപ്പാക്കുമ്പോൾ ‘സെക്യൂരിറ്റി-ബൈ-ഡിസൈൻ’ സമീപനം പിന്തുടരണമെന്നും ടെലികോം കമ്പനികൾക്ക് നിർദേശമുണ്ട്. ഇതനുസരിച്ച്, ഇൻകമിംഗ് കോൾ അവസാനിച്ചശേഷം ക്വറി-റെസ്പോൺസ് സംവിധാനത്തിലൂടെ ലഭിച്ച വിളിക്കുന്നയാളുടെ പേര് നിലനിർത്താൻ പാടില്ല.
അതേസമയം, ‘കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ’ (CLIR) സൗകര്യം ഉപയോഗിക്കുന്നവരുടെ പേരുകൾ സ്വീകരിക്കുന്നയാളുടെ ഫോണിൽ പ്രദർശിപ്പിക്കില്ല.
English Summary:
The Department of Telecommunications has directed telecom service providers to introduce the Calling Name Presentation (CNAP) system from November 1. The system is intended to display the caller’s name and number, with default availability for 4G and 5G users. Operators must follow specified data-handling and privacy requirements.
