facebook

ജർമനിയിലെ തീപിടിത്തം: സിവിൻ ജോണിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞു; ഒരു മാസം തികയുംമുൻപ് മരണം

2 Min Read

കൊച്ചി: ‘ജീവിതം അങ്ങനെയാടാ, എല്ലാ വെളിച്ചവും കെട്ടുകഴിയുമ്പോഴും നമുക്കുവേണ്ടി കത്തുന്ന ഒരു മെഴുകുതിരി എവിടെയെങ്കിലും ഉണ്ടാകും. അതു കണ്ടെത്തേണ്ട കാര്യമേ ഉള്ളൂ’ — കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയും കടലും സാക്ഷിയാക്കി കുറച്ചുകാലം മുൻപ് സിവിൻ ജോണി (26) സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണിത്.

മാസങ്ങൾക്കുശേഷം സ്വപ്നങ്ങളുമായി ജർമനിയിലെത്തിയ സിവിന്റെ ജീവിതം പക്ഷേ, ഒരു മാസം തികയുംമുൻപേ അവസാനിച്ചു.

ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് കാലടി തോട്ടകം കോനൂരാൻ വീട്ടിൽ ജോണി ഔസേപ്പിന്റെ മകൻ സിവിൻ മരിച്ചത്.

മകന്റെ മരണവിവരം ബന്ധുക്കൾ പിതാവിനെ അറിയിച്ചത് ഇന്നു രാവിലെയാണ്. രണ്ടു ദിവസമായി മകനെ ഫോണിൽ ബന്ധപ്പെടാനാകാത്തതിന്റെ വിഷമത്തിലായിരുന്നു ജോണി.

സിവിന് അപകടമുണ്ടായെന്നും കുഴപ്പമില്ലെന്നും ബന്ധുക്കൾ ഇന്നലെ വൈകിട്ടു പറഞ്ഞിരുന്നു. എന്നാൽ, ഇന്നു രാവിലെ ലഭിച്ചത് മരണവാർത്തയായിരുന്നു.

സെപ്റ്റംബർ 14ന് ജർമനിയിലേക്ക്

അങ്കമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് ബികോം പഠനം പൂർത്തിയാക്കിയ ശേഷമാണ് സിവിൻ വിദേശത്തേക്കു പോകാൻ തയ്യാറെടുത്തത്.

സെപ്റ്റംബർ 14നാണ് ജർമനിയിലെത്തിയത്. നാട്ടിൽ ഇടക്കാലത്ത് ചില ജോലികൾ ചെയ്തശേഷം ഒരു ഏജൻസി വഴിയായിരുന്നു വിദേശയാത്ര.

സഹോദരി സിമി അയർലൻഡിൽ നഴ്സാണ്. ഇളയ സഹോദരൻ സാൽവിൻ ജർമനിയിൽ നഴ്സിങ് വിദ്യാർഥിയും.

സഹോദരങ്ങൾക്കു പിന്നാലെ കടൽ കടന്ന് പുതിയ ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു സിവിന്റെയും ആഗ്രഹം. മാതാവ് ലിസി നേരത്തേ മരിച്ചിരുന്നു.

ജർമനിയിലെ ജീവിതം തുടങ്ങിയതേയുള്ളൂ

ജർമനിയിലെത്തിയശേഷം കുറച്ചുദിവസം സഹോദരനൊപ്പമായിരുന്നു സിവിൻ താമസിച്ചത്. പിന്നീട് ബന്ധു നടത്തുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു. തുടർന്ന് ഹോട്ടലിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്.

സിവിനൊപ്പം തീപിടിത്തത്തിൽ മരിച്ച ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27) എന്നിവരും ഇതേ ഏജൻസി വഴിയാണ് വിദേശത്തെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജർമനിയിലെ കാഴ്ചകൾ പങ്കുവച്ച് സിവിൻ

ജർമനിയിലെത്തിയതിന്റെ സന്തോഷത്തിൽ ബെർലിൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെയും പ്രശസ്തമായ സ്ഥലങ്ങളിലെയും ചിത്രങ്ങൾ സിവിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കൊളോൺ നഗരത്തിലെ പ്രശസ്തമായ കത്തീഡ്രലിനു മുന്നിൽനിന്നുള്ള ചിത്രം ഒക്ടോബർ എട്ടിനാണ് പങ്കുവച്ചത്. ചിത്രത്തിനൊപ്പം ‘ബ്ലാക്, വൈറ്റ്, ഹിസ്റ്റോറിക്’ എന്ന കുറിപ്പുമുണ്ടായിരുന്നു.

ഇൻസ്റ്റഗ്രാമിൽ ഏകദേശം 40,000 ഫോളോവേഴ്സുണ്ടായിരുന്ന സിവിൻ നാട്ടിലെ കാര്യങ്ങളിലും സജീവമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

സഹോദരിയുടെ വിവാഹത്തിനായി കാത്തിരുന്ന കുടുംബം

സിവിന്റെയോ സഹോദരങ്ങളുടെയോ വിവാഹം കഴിഞ്ഞിട്ടില്ല. അടുത്ത അവധിക്ക് സിവിൻ നാട്ടിലെത്തുമ്പോൾ സഹോദരിയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിനിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തിന്റെ പ്രതീക്ഷകൾ തകർത്തത്.

സിവിന്റെ മൃതദേഹം ഈയാഴ്ച തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

English Summary:
Sivin Johnny, 26, from Thottakam in Kalady, died in an apartment fire in Bochum, Germany, less than a month after arriving in the country on September 14. His family was informed of his death on the morning following initial reports that he had been involved in an accident. Relatives are trying to bring his body back to Kerala this week.

Share This Article