തിരുവനന്തപുരം: ജർമനിയിലെ ബോഹുമിൽ പാർപ്പിട സമുച്ചയത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഇടുക്കി കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ അഞ്ജലി എസ്. ജോയ് (27) എന്നിവരാണ് മരിച്ച മലയാളികൾ.
ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15നാണ് അപകടം ഉണ്ടായത്. പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിൽ ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41കാരനായ റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
മരിച്ച മലയാളികൾ നോവ സാബുവും അഞ്ജലി എസ്. ജോയും
ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനിയായ നോവ സാബു ആറുമാസം മുൻപാണ് ജർമനിയിലെത്തിയത്. കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകളാണ് അഞ്ജലി എസ്. ജോയ്.
ഈ വർഷം ജൂലൈയിലാണ് അഞ്ജലി ജോലിക്കായി ജർമനിയിലേക്ക് പോയത്.ജർമനിയിലെ സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിലായിരുന്നു അഞ്ജലി ജോലി ചെയ്തിരുന്നത്.
ബി.എഡ്. ബിരുദധാരിയാണ്. അശ്വനി എസ്. ജോയിയാണ് സഹോദരി.
പുലർച്ചെ തീ പടർന്നത് മുകളിലെ നിലയിലേക്ക്
ബോഹുമിലെ പാർപ്പിട മേഖലയിലുള്ള ഫ്ലാറ്റിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ശക്തമായി വ്യാപിച്ചതോടെ കെട്ടിടത്തിന്റെ മുകളിലെ നിലകളിലേക്ക് പ്രവേശിക്കാൻ അഗ്നിരക്ഷാസേനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടു.
തീ നിയന്ത്രണവിധേയമാക്കാൻ സമയമെടുത്തതായി അഗ്നിരക്ഷാസേന അറിയിച്ചു.മുകളിലെ ഫ്ലാറ്റിൽനിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ദേശീയത സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കൊലപാതകമെന്ന് സംശയം; ഒരാൾ അറസ്റ്റിൽ
തീപിടിത്തത്തിന് പിന്നിൽ മനഃപൂർവമായ ഇടപെടലുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കെട്ടിടത്തിൽ താമസിച്ചിരുന്ന 41കാരനായ റൊമാനിയൻ പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സാങ്കേതിക തകരാറല്ല തീപിടിത്തത്തിന് കാരണമെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary : Three Indian nationals, including two Malayali women, died in a flat fire in Bochum, Germany, early Tuesday morning. The deceased Malayalis have been identified as Nova Sabu, 25, from Idukki, and Anjali S. Joy, 27, from Kollam. Five people were hospitalised after inhaling smoke. Police arrested a 41-year-old Romanian resident of the building on suspicion of deliberately setting the fire, and investigators suspect the incident may have been a homicide.
