ഡൽഹി: വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (എസ്ഐആർ) നടപടികളുടെ ഭാഗമായി വോട്ടർമാരുടെ പേരുകൾ നീക്കംചെയ്യുന്നതിനെ ചോദ്യം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ 10 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു.
എസ്ഐആർ നടപടികൾ നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും വോട്ടർപ്പട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹർജിയിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ രാജ്യവ്യാപകമായി നടക്കുന്ന എസ്ഐആർ നടപടികൾ ഇടക്കാല ഉത്തരവിലൂടെ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്ഐആർ നടപടികളുടെ നിയമസാധുത പരിശോധിക്കണം
വോട്ടർപ്പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ഫയലുകളും യോഗങ്ങളുടെ വിവരങ്ങളും ഡിജിറ്റൽ ലോഗുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.
പുതുക്കൽ പ്രക്രിയ നിയമാനുസൃതമാണോയെന്ന് കോടതി പരിശോധിക്കണമെന്നും വോട്ടർപ്പട്ടിക തയാറാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വോട്ടർപ്പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ ഉന്നയിച്ച പരാതികളിൽ നിയമപ്രകാരമുള്ള തീരുമാനമെടുക്കണം. വോട്ടർമാർക്കുള്ള ഓൺലൈൻ അപേക്ഷാ ഫോമും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണം
വോട്ടർപ്പട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ പേരുകളും അതിനുള്ള കാരണങ്ങളും ബൂത്ത് അടിസ്ഥാനത്തിൽ പരസ്യപ്പെടുത്തണമെന്നാണ് മറ്റൊരു ആവശ്യം. അർഹരായവരെ വീണ്ടും വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കണം.
വോട്ടർമാർക്ക് കൃത്യമായ നോട്ടിസ് നൽകുകയും അവരുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകുകയും ചെയ്യാതെ പേരുകൾ ഒഴിവാക്കരുതെന്നും ഹർജിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിന് കട്ട് ഓഫ് തീയതി വരെ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിവോട്ടർപ്പട്ടികയിൽനിന്നുള്ള ഒഴിവാക്കലുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇവിഎം) സാങ്കേതികവിദ്യയും പഠിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.എസ്ഐആർ നടപടികൾ സംബന്ധിച്ച പരാതികളിൽ ഉചിതമായ നിയമപരമായ തീരുമാനമുണ്ടാകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യവ്യാപക എസ്ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യം
ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രാജ്യത്തുടനീളം നടക്കുന്ന എസ്ഐആർ നടപടികൾ ഇടക്കാല ഉത്തരവിലൂടെ നിർത്തിവയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം.
കേസിലെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ആവശ്യമായ അടിയന്തര ഉത്തരവുകളും അധിക നിർദേശങ്ങളും പുറപ്പെടുവിക്കാൻ സുപ്രീംകോടതി അധികാരം വിനിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Congress leader and Lok Sabha Leader of Opposition Rahul Gandhi has raised 10 demands in a petition before the Supreme Court challenging the removal of names from electoral rolls during the Special Intensive Revision (SIR) process. The demands include judicial scrutiny of the revision process, disclosure of details of excluded voters, safeguards against removal without notice and an opportunity to be heard, and the appointment of an expert committee led by a retired Supreme Court judge. The petition also seeks an interim suspension of the nationwide SIR process until a final decision is reached.
