facebook

തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ വിട്ടയച്ചു

4 Min Read

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഡൽഹിയിൽ സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ രാഹുൽ ഗാന്ധിയെ പിന്നീട് ബാരാക്കമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു.പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധിയെയും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ സ്ഥലങ്ങളിൽനിന്ന് പ്രതിഷേധക്കാരെ പൊലീസ് നീക്കി.

രാഹുൽ ഗാന്ധിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു : പിന്നീട് വിട്ടയച്ചു

ഉച്ചകഴിഞ്ഞാണ് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ രാഹുൽ ഗാന്ധിയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.

റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡെറിക് ഒബ്രയാൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി നേതാക്കൾ അറിയിച്ചു.

രാഹുൽ ഗാന്ധിയെ കൊണ്ടുപോയ പൊലീസ് വാഹനം പഞ്ചറായി

രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും ഉൾപ്പെടെ കൊണ്ടുപോയ പൊലീസ് വാഹനത്തിന്റെ ടയർ പ്രതിഷേധക്കാർ പഞ്ചറാക്കി. ഇതോടെ വാഹനം റോഡിൽ ഏറെ നേരം നിർത്തിയിടേണ്ടിവന്നു.

വാഹനത്തിന് ചുറ്റും പ്രവർത്തകർ തടിച്ചുകൂടിയതോടെ പൊലീസ് ഉടൻ ഇവരെ മാറ്റാനായില്ല. തുടർന്ന് രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും ഉൾപ്പെടെയുള്ളവരെ ക്യാംപിലേക്ക് മാറ്റി.

എ.എ. റഹീം എംപി പൊലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപിച്ചു. മലയാളി മാധ്യമപ്രവർത്തകനെയും പൊലീസ് ആക്രമിച്ചെന്നും തുടർന്ന് രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചുകൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ സുരക്ഷയും എംപിമാരുടെ പ്രത്യേക പരിഗണനയും പൊലീസ് കണക്കിലെടുത്തില്ലെന്നും റഹീം ആരോപിച്ചു. നാല് ടയറുകളും പഞ്ചറായ വാഹനത്തിലാണ് രാഹുൽ ഗാന്ധിയെയും മറ്റുള്ളവരെയും കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

സതീശനെ പൊലീസ് ആദ്യം തടഞ്ഞു

രാഹുൽ ഗാന്ധിയെ കാണാൻ ബാരാക്കമ്പ പൊലീസ് സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെ പൊലീസ് ആദ്യം തടഞ്ഞു. ഏകദേശം 15 മിനിറ്റോളം പുറത്തുനിൽക്കേണ്ടിവന്ന സതീശൻ രാഹുൽ ഗാന്ധിയെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു.

അനുവദിക്കുന്നില്ലെങ്കിൽ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് സതീശൻ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെയും മറ്റ് എംപിമാരെയും സ്റ്റേഷനിലേക്ക് പ്രവേശിപ്പിച്ചത്.അതേസമയം, പ്രതിഷേധം ചരിത്രസമരമാണെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പൊലീസ് സ്റ്റേഷനിലെത്തി.

‘ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ പ്രതിഷേധം’

ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പവിത്രമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തടയാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജന്തർ മന്തറിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞു

മുൻദിവസത്തെ ജന്തർ മന്തർ മാർച്ചിന് പിന്നാലെ തുടർപ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യാ സഖ്യത്തിലെ എംപിമാർക്ക് ഡൽഹിയിലെ സാഗർ രത്ന റസ്‌റ്ററന്റിൽ ഉച്ചഭക്ഷണ വിരുന്ന് ഒരുക്കിയിരുന്നു.ഇതിന് പിന്നാലെ എംപിമാരും സഖ്യ നേതാക്കളും മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് പുറപ്പെട്ടു.

ബസ് പൊലീസ് തടഞ്ഞാൽ ഇറങ്ങി നടന്ന് പ്രതിഷേധിക്കുമെന്ന് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.ജന്തർ മന്തറിലേക്കുള്ള വഴിയിൽ പൊലീസ് ബസുകൾ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി. പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.

യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പൊലീസ് ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടതോടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ളവർ വാഹനത്തിൽനിന്ന് പുറത്തിറങ്ങി.

‘ഓരോ എഫ്ഐആറും ഓരോ മെഡൽ’

പ്രതിഷേധത്തിന് പുറപ്പെടുന്നതിന് മുൻപ് തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്ഐആറും ഓരോ മെഡൽ പോലെയാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി തുടരാൻ ഗ്യാനേഷ് കുമാർ യോഗ്യനല്ലെന്ന് രാജ്യത്തോട് പറയാനാണ് വീണ്ടും ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തനിക്കെതിരെ നിലവിൽ 45 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എണ്ണം 100 ആകണമെന്നാണ് ആഗ്രഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘പോലീസ് രാജാണ് നടക്കുന്നത്’

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ പൊലീസ് നടപടിയെ എം.കെ. രാഘവൻ എംപി വിമർശിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവിനോട് പൊലീസ് കാണിച്ച സമീപനം സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എം.കെ. രാഘവൻ വ്യക്തമാക്കി. അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയത്. നഗരത്തിലെ പ്രധാന റോഡുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി.

English summary:Congress leader and Lok Sabha Leader of Opposition Rahul Gandhi was detained during a major opposition protest in New Delhi demanding the resignation of Chief Election Commissioner Gyanesh Kumar. Police allegedly used force to detain Rahul, while Priyanka Gandhi and several opposition leaders were also taken into custody. Rahul was later released after being taken to Barakhamba Police Station. The protest witnessed clashes between police and demonstrators, with opposition leaders accusing the police of excessive force. Rahul Gandhi said the protest would continue until Gyanesh Kumar resigns.

Share This Article