തിരുവനന്തപുരം: കെഎസ്ആർടിസി നാപ്കിൻ പദ്ധതി നാളെ കേരളത്തിൽ ആരംഭിക്കും. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സാനിറ്ററി നാപ്കിൻ ആവശ്യമായി വരുന്ന സ്ത്രീകൾക്ക് ഇനി കട തേടി അലയേണ്ടിവരില്ല. കെഎസ്ആർടിസിയുടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കുറഞ്ഞ നിരക്കിൽ നാപ്കിൻ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി.
സ്ത്രീകളുടെ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുകയെന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പാണ് ഡബ്ല്യൂഒഎംഎൻ (WOMN – Women On the Move & Menstrual Needs) പദ്ധതി നടപ്പാക്കുന്നത്.
കെഎസ്ആർടിസി നാപ്കിൻ: 10 രൂപയ്ക്ക് മൂന്ന് എണ്ണം
പദ്ധതിയുടെ ആദ്യഘട്ടത്തിൽ കെഎസ്ആർടിസിയുടെ 14 കേന്ദ്രങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കും. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകളാണ് ലഭിക്കുക. പാക്കറ്റിന് 10 രൂപയാണ് വില.
യാത്രയ്ക്കിടെ അടിയന്തരമായി നാപ്കിൻ ആവശ്യമായി വരുന്ന സ്ത്രീകൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, ഉപയോഗിച്ച നാപ്കിനുകൾ ശുചിത്വത്തോടെ സംസ്കരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.
14 കെഎസ്ആർടിസി കേന്ദ്രങ്ങളിൽ വെൻഡിംഗ് മെഷീൻ
വെൻഡിംഗ് മെഷീനുകൾക്കൊപ്പം ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്ററുകളും സ്ഥാപിക്കും. ഇതോടെ നാപ്കിൻ ലഭ്യമാക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങളിലെ മാലിന്യസംസ്കരണത്തിനും പരിഹാരമൊരുങ്ങും.
അതേസമയം, ആദ്യഘട്ടം വിജയകരമായാൽ പദ്ധതി കൂടുതൽ പൊതുസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കെഎസ്ആർടിസി ഡിപ്പോകൾക്ക് പുറമെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിലും സൗകര്യം ഒരുക്കും.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി.
പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഇത്തരം അടിയന്തര ആവശ്യങ്ങൾ ലളിതമായി പരിഹരിക്കാനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
നാളെ തമ്പാനൂരിൽ ഉദ്ഘാടനം
പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ നടക്കും.
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പദ്ധതി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേയർ വി.വി. രാജേഷ് മുഖ്യാതിഥിയാകും.
ആദ്യഘട്ടത്തിലെ 14 കേന്ദ്രങ്ങൾക്ക് പിന്നാലെ കൂടുതൽ പൊതുസ്ഥലങ്ങളിലേക്ക് സൗകര്യം വ്യാപിപ്പിക്കുന്നതോടെ കെഎസ്ആർടിസി നാപ്കിൻ പദ്ധതി കൂടുതൽ സ്ത്രീകൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
English Summary:
Kerala will launch the WOMN project at 14 KSRTC centres, offering three sanitary napkins for ₹10 through vending machines. Incinerators will also be installed for hygienic disposal of used napkins.
