facebook

‘അഞ്ഞൂറാനെ പോലെ’; സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാറിന്റെ പരാമർശം

3 Min Read

ഇടുക്കി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിനെ ‘മക്കൾ സർവീസ് സൊസൈറ്റി’ (എം.എസ്.എസ്) ആക്കി മാറ്റാനാണ് സുകുമാരൻ നായർ ശ്രമിക്കുന്നതെന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം. സംഘടനയെ ‘ദുഷ്ടന്റെയും ഭീരുവിന്റെയും’ പിടിയിൽനിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കിയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു പരാമർശങ്ങൾ.

സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാറിന്റെ ആരോപണങ്ങൾ

ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കുന്നതിനാണ് ലീഗ് മന്ത്രിയെ എൻഎസ്എസ് ആസ്ഥാനത്ത് പൊന്നാടയണിയിച്ച് സ്വീകരിച്ചതെന്ന് ഗണേഷ് കുമാർ ആരോപിച്ചു. കോൺഗ്രസ് മന്ത്രിമാരെ ഇത്തരത്തിൽ സ്വീകരിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഭാര്യമാർക്കും മക്കൾക്കും ജോലി നൽകി ആളുകളെ അടിമകളാക്കുകയാണെന്നും ‘നക്കാപ്പിച്ച’ കണ്ട് നായന്മാർ വീണുപോകരുതെന്നും ഗണേഷ് കുമാർ പ്രസംഗത്തിൽ പറഞ്ഞു.

‘മുസ്ലിം സമുദായത്തോടുള്ള സ്നേഹം ഇരട്ടത്താപ്പ്’

മന്നത്ത് അനുസ്മരണ പരിപാടികളിൽ മുസ്ലിം പണ്ഡിതനെയോ സമുദായ നേതാവിനെയോ സംസാരിക്കാൻ ക്ഷണിക്കുമോയെന്നും ഗണേഷ് കുമാർ ചോദിച്ചു.

ചങ്ങനാശേരിയിലെ ചന്ദനക്കുടം നേർച്ച നിർത്താൻ ഇടപെട്ടത് സുകുമാരൻ നായരാണെന്നും അതേസമയം മുസ്ലിം സമുദായത്തോട് സ്നേഹമാണെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

‘ഗോഡ്ഫാദറിലെ അഞ്ഞൂറാനെ പോലെ’

അമൃതാനന്ദമയിയമ്മയെ ജാതിയുടെ പേരിൽ അധിക്ഷേപിച്ച വ്യക്തിയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ ആരോപിച്ചു. അതേസമയം, അദ്ദേഹത്തിന്റെ കൊച്ചുമകൻ അമൃതാനന്ദമയി മഠത്തിന്റെ കോളേജിൽ എം.ടെക് പഠിക്കുകയാണെന്നും പഠനം പൂർത്തിയാക്കിയാൽ പാലക്കാട് എൻജിനീയറിങ് കോളേജിൽ ജോലി ലഭിക്കുമെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാനോടാണ് സുകുമാരൻ നായരെ ഗണേഷ് കുമാർ ഉപമിച്ചത്. എൻഎസ്എസിലെ ചില താലൂക്ക് യൂണിയൻ സെക്രട്ടറിമാരുടെ അവസ്ഥ സിനിമയിലെ ഹരിശ്രീ അശോകന്റെ കഥാപാത്രത്തെ പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

എൻഎസ്എസിൽ തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യം

ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ ഹൈറേഞ്ച് ഉൾപ്പെടെയുള്ള മേഖലകളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

ഔദ്യോഗിക പാനലിനെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾ ധൈര്യം കാണിക്കണമെന്നും സ്ത്രീകൾ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

മന്നത്ത് സമാധി എല്ലാവർക്കും തുറക്കണമെന്ന് ആവശ്യം

മന്നത്ത് പത്മനാഭന്റെ സമാധി എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

മുൻപ് എ.കെ. ആന്റണിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഷൂസ് ധരിച്ച് മന്നം സമാധിയിൽ പ്രവേശിച്ചെന്ന പേരിൽ സുകുമാരൻ നായർ ആന്റണിയെ അധിക്ഷേപിച്ച സംഭവവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.

അതേസമയം, ഗണേഷ് കുമാറിന്റെ നേരത്തെയുള്ള എൻഎസ്എസ് വിമർശനങ്ങൾക്ക് സുകുമാരൻ നായർ മറുപടി നൽകിയിരുന്നു. സംഘടനയിലെ നിയമനങ്ങൾ കീഴ്‌വഴക്കങ്ങൾ അനുസരിച്ചാണെന്നും സ്വജനപക്ഷപാത ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

English Summary:
Minister K.B. Ganesh Kumar has again launched sharp criticism against NSS General Secretary G. Sukumaran Nair at a public programme in Idukki. Ganesh Kumar alleged that efforts were being made to turn the Nair Service Society into a “Makkal Service Society” and called for the organisation to be freed from what he described as the control of an “evil and cowardly” leadership. He also questioned alleged preferential treatment, called for elections within the organisation, and made several personal and political allegations against Sukumaran Nair. Sukumaran Nair had previously rejected Ganesh Kumar’s allegations of nepotism and corruption, saying NSS appointments follow established practices.

Share This Article