ബ്യൂണസ് ഐറിസ്: കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ ചാമ്പ്യന്മാരും റണ്ണറപ്പുമായ അർജന്റീന ദേശീയ ടീമിന് മുന്നിൽ ഇനി പുതിയ അധ്യായം. ലയണൽ മെസ്സി ടീമിനോട് വിടപറഞ്ഞതോടെ മെസ്സിയില്ലാത്ത അർജന്റീന എങ്ങനെ മുന്നേറും എന്ന ചോദ്യത്തിനൊപ്പം പരിശീലകൻ ലയണൽ സ്കലോണിയുടെ ഭാവിയും ചർച്ചയാകുകയാണ്.
മെസ്സിയില്ലാത്ത അർജന്റീനയ്ക്ക് സ്കലോണിയുടെ ദൗത്യം
മെസ്സി സാധ്യമായ പ്രധാന കിരീടങ്ങളെല്ലാം അർജന്റീനയ്ക്കായി സ്വന്തമാക്കിയ കാലഘട്ടത്തിന് പിന്നിൽ സ്കലോണിയുടെ തന്ത്രങ്ങൾക്കും നിർണായക പങ്കുണ്ടായിരുന്നു.
മെസ്സിയുടെ അസാധാരണ പ്രകടനവും സ്കലോണിയുടെ പരിശീലന മികവുമാണ് സമീപകാല അർജന്റീനയുടെ വിജയങ്ങളുടെ പ്രധാന അടിത്തറ. എന്നാൽ മെസ്സിയുടെ അഭാവം നികത്തുക എന്നത് സ്കലോണിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്.
സ്കലോണി തുടരുമോ എന്ന ചർച്ച ശക്തം
സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിന് ശേഷം ഡിസംബർ വരെ ടീമിനൊപ്പം ഉണ്ടാകുമെന്ന് സ്കലോണി പറഞ്ഞിരുന്നു. എന്നാൽ മെസ്സി വിരമിച്ചതോടെ പരിശീലകന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.
2018 ലോകകപ്പിന് ശേഷമാണ് മെസ്സിയെ കേന്ദ്രീകരിച്ച് സ്കലോണി അർജന്റീന ടീമിനെ പുനഃസംഘടിപ്പിച്ചത്. വർഷങ്ങളായി ഒരുമിച്ച് കളിക്കുന്ന താരങ്ങളുടെ ശക്തമായ സംഘമുണ്ടെങ്കിലും മെസ്സിയുടെ അഭാവം മറികടക്കുക എളുപ്പമല്ല.
ഒട്ടമെൻഡിക്കും വിട; മാർട്ടിനസിന്റെ ഭാവിയിലും ആശങ്ക
മെസ്സിക്ക് പുറമെ നിക്കോളാസ് ഒട്ടമെൻഡിയും ദേശീയ ടീമിനോട് വിടപറഞ്ഞിട്ടുണ്ട്. അർജന്റീനയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും വിരമിക്കൽ സൂചന നൽകിയിട്ടുണ്ട്.
അതേസമയം, റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡസ് തുടങ്ങിയ സീനിയർ താരങ്ങളുടെ ഭാവിയും സ്കലോണിക്ക് പരിഗണിക്കേണ്ടിവരും.
പുതിയ തലമുറയിൽ പ്രതീക്ഷ
ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, ലൗട്ടാരോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവർ സ്കലോണിക്ക് കരുത്താകും.
കൂടാതെ, നിക്കോ പാസ്, ജിയുലിയാനോ സിമിയോണി, വാലന്റിൻ കാർബോണി, മത്തിയാസ് സോൾ, അലജാൻഡ്രോ ഗാർനാച്ചോ, കോളോ ബാർകോ, ലിയോ ബലേർഡി, മാക്സിമോ പെറോൺ തുടങ്ങിയ യുവതാരങ്ങളെയും സ്കലോണി തന്റെ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
2030 ലോകകപ്പിന് മുമ്പ് നിർണായക കാലം
2030 ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങളും 2028 കോപ്പ അമേരിക്കയും മുന്നിലുള്ള സാഹചര്യത്തിൽ അർജന്റീനയ്ക്ക് വലിയ മാറ്റത്തിന്റെ ഘട്ടമാണിത്.
“സ്വപ്നം കണ്ട സ്ഥലത്താണ് താനിപ്പോൾ ഉള്ളത്. ഇവിടെ നിന്ന് ഇറങ്ങുന്ന ദിവസമായിരിക്കും ഏറ്റവും കൂടുതൽ വേദനിക്കുക” എന്ന സ്കലോണിയുടെ അടുത്തിടെയുള്ള പ്രതികരണം അദ്ദേഹം ടീമിനൊപ്പം തുടരാനുള്ള സാധ്യതയുടെ സൂചനയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
മെസ്സിയില്ലാത്ത അർജന്റീനയെ പുതിയ തലമുറയുടെ കരുത്തിൽ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്വം സ്കലോണി ഏറ്റെടുക്കുമോ എന്നതാണ് ഇനി ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
English Summary
Argentina enters a new era after Lionel Messi’s departure from the national team. The future of head coach Lionel Scaloni is also being discussed. With Nicolás Otamendi leaving and Emiliano Martinez hinting at retirement, Scaloni faces the challenge of rebuilding the squad around established players and a promising young generation ahead of the 2028 Copa America and 2030 World Cup qualifiers.
