facebook

യുഎസ്എസ് ഏബ്രഹാം ലിങ്കൺ തായ്‌ലൻഡിലേക്ക്

2 Min Read

ബാങ്കോക്ക്: ഇറാനുമായുള്ള യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ഏബ്രഹാം ലിങ്കൺ തായ്‌ലൻഡിലെത്തുന്നു. 200 ദിവസത്തിലേറെ തുടർച്ചയായി കടലിൽ കഴിഞ്ഞ കപ്പൽ പട്ടായയ്ക്ക് സമീപമുള്ള ലാം ചാബാങ് തുറമുഖത്ത് നങ്കൂരമിടും. ഏകദേശം 5,000 നാവികരാണ് കപ്പലിലുള്ളത്.

യുഎസ്എസ് ഏബ്രഹാം ലിങ്കൺ പട്ടായയിൽ

പട്ടായയിലെത്തുന്ന യുഎസ് നാവികർക്ക് വിശ്രമിക്കാനും നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, യുഎസ് സൈനികരുടെ വരവ് പ്രാദേശിക വ്യാപാര മേഖലയ്ക്ക് നേട്ടമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ഓരോ യുഎസ് സൈനികനും പ്രതിദിനം 30 മുതൽ 90 ഡോളർ വരെ പട്ടായയിൽ ചെലവഴിച്ചേക്കുമെന്നാണ് മേയർ പൊറമാസെ എൻഗാംപിച്ചെസിന്റെ കണക്കുകൂട്ടൽ. എന്നാൽ നാവികർ എത്ര ദിവസം നഗരത്തിൽ തങ്ങുമെന്ന് വ്യക്തമല്ല.

നാവികരുടെ വരവിൽ സുരക്ഷ ശക്തമാക്കി

വിമാനവാഹിനിക്കപ്പലിന്റെ വരവ് കണക്കിലെടുത്ത് പട്ടായയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപുതന്നെ പൊലീസ് പട്രോളിങ് വർധിപ്പിച്ചു.

കൂടാതെ, ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കും ലഹരി ഇടപാടുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനുള്ള നീക്കവും അധികൃതർ ആരംഭിച്ചു. നിലവിൽ 50ഓളം പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരും പട്ടായയിൽ

പട്ടായയിലെത്തുന്ന നാവികർ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ യുഎസ് അധികൃതർ കൈമാറിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും ലഹരി ഇടപാടുകളിൽ നിന്നും വിട്ടുനിൽക്കണമെന്നതടക്കമുള്ള മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്.

നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരും പട്ടായയിലെത്തി. ഇവർ തായ് സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ചർച്ച ചെയ്തു.

നീണ്ട ഡ്യൂട്ടിക്ക് പിന്നാലെ വിശ്രമം

ഏകദേശം ഒൻപത് മാസത്തോളം വിമാനവാഹിനിക്കപ്പലിൽ മതിയായ വിശ്രമമില്ലാതെ ഡ്യൂട്ടിയിൽ തുടരേണ്ടിവന്നത് നാവികരുടെ മാനസികാരോഗ്യത്തെയും മനോവീര്യത്തെയും ബാധിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചില നാവികർ ഗുരുതരമായ മാനസിക പ്രതിസന്ധി നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.

ഈ സാഹചര്യത്തിലാണ് കപ്പലിന് പട്ടായയിൽ വിശ്രമത്തിനായി ഇടവേള ലഭിക്കുന്നത്. സെപ്റ്റംബർ 6 വരെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ പട്ടായയിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

മുൻപും യുഎസ് നാവികസേനയുടെ കപ്പലുകൾ പട്ടായയിൽ നങ്കൂരമിട്ടിട്ടുണ്ട്. ഇത്തവണയും കപ്പലിന്റെ വരവ് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഒരുപോലെ ശ്രദ്ധ നേടുകയാണ്.

English Summary

The USS Abraham Lincoln aircraft carrier is arriving in Thailand after spending more than 200 consecutive days at sea. The carrier, carrying around 5,000 sailors, is expected to dock at Laem Chabang port near Pattaya. Security has been tightened in the city, while local businesses expect an economic boost from the sailors’ visit. The carrier is reportedly expected to remain in Pattaya until September 6.

Share This Article