തൊടുപുഴ: ഇടുക്കിയുടെ അഭിമാനമായി യുവതാരം ജോബിൻ ജോബി. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ആലപ്പി റിപ്പിൾസിനെതിരെ തകർപ്പൻ സെഞ്ച്വറിയാണ് തൊടുപുഴക്കാരൻ നേടിയത്. വെറും 51 പന്തിൽ പുറത്താകാതെ 109 റൺസെടുത്ത ജോബിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിൽ കൊച്ചി 242 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.
19-കാരനായ ജോബിൻ 10 സിക്സുകളും അഞ്ച് ബൗണ്ടറികളും പറത്തി. കെസിഎല്ലിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന നേട്ടവും ഇതോടെ ജോബിന്റെ പേരിലായി.
ജോബിൻ ജോബിക്ക് കെസിഎല്ലിൽ സെഞ്ച്വറി
ആലപ്പി റിപ്പിൾസിനെതിരായ കൊച്ചിയുടെ ഒമ്പതാം മത്സരത്തിലാണ് ഓപ്പണറായി ഇറങ്ങിയ ജോബിൻ ജോബി ബാറ്റുകൊണ്ട് തിളങ്ങിയത്.
ആദ്യഘട്ടത്തിൽ ക്ഷമയോടെ ബാറ്റ് ചെയ്ത താരം 32 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കി. പിന്നീട് വേഗം കൂട്ടിയ ജോബിൻ അടുത്ത 50 റൺസ് നേടിയത് വെറും 16 പന്തിലാണ്.
51 പന്തിൽ 109 റൺസ്; 10 സിക്സുകൾ
അവസാന ഓവറിലെ രണ്ടാം പന്തിലാണ് ജോബിൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. 51 പന്തിൽ പുറത്താകാതെ 109 റൺസെന്ന കിടിലൻ പ്രകടനമാണ് താരം പുറത്തെടുത്തത്.
ആലപ്പിയുടെ ബൗളർമാർക്കെതിരെ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനായാസം ഷോട്ടുകൾ പായിച്ച ജോബിൻ 10 തവണ പന്ത് അതിർത്തിക്കപ്പുറത്തേക്ക് പറത്തി. അഞ്ച് ബൗണ്ടറികളും ഇന്നിങ്സിന് മാറ്റുകൂട്ടി.
കൊച്ചിക്ക് 242 റൺസിന്റെ കൂറ്റൻ സ്കോർ
ജോബിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് 242 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
അതേസമയം, ആക്രമണോത്സുകതയ്ക്കൊപ്പം ഷോട്ടുകളുടെ വൈവിധ്യവും ചേർന്നതായിരുന്നു ജോബിന്റെ ഇന്നിങ്സ്. ആലപ്പി ബൗളർമാർക്ക് താരത്തിന്റെ ബാറ്റിങ് നിയന്ത്രിക്കാൻ കഴിയാതെ പോയി.
ഇടുക്കിയുടെ ക്രിക്കറ്റ് പ്രതീക്ഷയായി ജോബിൻ
തൊടുപുഴയുടെയും ഇടുക്കിയുടെയും ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ജോബിന്റെ കെസിഎല്ലിലെ പ്രകടനം.
കാഞ്ഞിരമറ്റം പെണ്ടനാത്ത് വീട്ടിൽ ജോബിയുടെയും മഞ്ജുവിന്റെയും മകനാണ് ജോബിൻ. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്. റോബിനാണ് സഹോദരൻ.
English summary:
Idukki youngster Jobin Joby produced a stunning century for Kochi Blue Tigers in the Kerala Cricket League. The 19-year-old scored an unbeaten 109 off just 51 balls against Alleppey Ripples, including 10 sixes and five boundaries. He completed his half-century in 32 balls before accelerating dramatically, scoring his next 50 runs in only 16 deliveries. His explosive innings helped Kochi post a massive total of 242 runs. The performance also earned Jobin the KCL record for most sixes in a single innings.
