കൊച്ചി: ഓണാവധി യാത്രക്കാരെ ദുരിതത്തിലാക്കി സ്പൈസ് ജെറ്റ് സർവീസിലെ വൻ വൈകൽ. കൊച്ചി-ഫുജൈറ സ്പൈസ് ജെറ്റ് വിമാനം 11 മണിക്കൂറോളം വൈകിയാണ് പുറപ്പെടുക. രാവിലെ 11 മണിക്ക് പുറപ്പെടേണ്ട സർവീസ് രാത്രി 10 മണിയോടെയാകും ടേക്ക് ഓഫ് ചെയ്യുകയെന്നാണ് നിലവിലെ അറിയിപ്പ്.
കൊച്ചി-ഫുജൈറ സ്പൈസ് ജെറ്റ് വിമാനം വൈകും
ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിൽനിന്ന് പുറപ്പെടേണ്ട വിമാനമാണ് രാത്രി 10 മണിയിലേക്ക് മാറ്റിയത്. ഇതോടെ യാത്രക്കാർക്ക് ഏകദേശം 11 മണിക്കൂർ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.
ഓണത്തിന്റെ അവധി ദിവസങ്ങളിലെ യാത്രയ്ക്കിടെയാണ് സർവീസ് വൈകിയത്. ഇതോടെ യാത്രാ ക്രമീകരണങ്ങളും താളം തെറ്റിയിരിക്കുകയാണ്.
അഹമ്മദാബാദ്, ഡൽഹി സർവീസുകൾ റദ്ദാക്കി
അതേസമയം, ഇന്നലെ പുറപ്പെടേണ്ട അഹമ്മദാബാദ്, ഡൽഹി വിമാന സർവീസുകളും സ്പൈസ് ജെറ്റ് റദ്ദാക്കിയിരുന്നു.
തുടർച്ചയായ സർവീസ് തടസങ്ങൾ യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റദ്ദാക്കലിന്റെയും വൈകലിന്റെയും കാരണങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
സിയാലിന്റെ നോട്ടീസിനും മറുപടിയില്ല
സർവീസുകൾ വൈകുന്നതുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ (സിയാൽ) സ്പൈസ് ജെറ്റിന് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, നോട്ടീസിന് കമ്പനി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം. സർവീസുകളിലെ തടസം തുടരുന്നതിനിടെ കമ്പനിയുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.
