തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ ഫാർമസിസ്റ്റ് സാന്നിധ്യം പ്രവർത്തനസമയം മുഴുവൻ ഉറപ്പാക്കാനുള്ള നടപടികൾ ശക്തമാക്കാൻ കേരള ഫാർമസി കൗൺസിൽ. വേദനസംഹാരികൾ ഉൾപ്പെടെയുള്ള ചില മരുന്നുകൾ ലഹരിക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നീക്കം. കുറിപ്പടിയില്ലാതെയുള്ള മരുന്ന് വിൽപ്പന തടയുകയാണ് പ്രധാന ലക്ഷ്യം.
മെഡിക്കൽ ഷോപ്പുകളിൽ ഫാർമസിസ്റ്റ് സാന്നിധ്യം ഉറപ്പാക്കും
മെഡിക്കൽ ഷോപ്പുകൾ പ്രവർത്തിക്കുന്ന മുഴുവൻ സമയത്തും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന നിയമം കർശനമായി നടപ്പാക്കാനാണ് ഫാർമസി കൗൺസിലിന്റെ നീക്കം.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവസ്തുക്കളുടെ വിൽപ്പന തടയാൻ വ്യാപക പരിശോധന നടക്കുന്നുണ്ടെങ്കിലും, ചില വേദനസംഹാരികളും മനോരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും കുറിപ്പടിയില്ലാതെ വാങ്ങുന്ന സാഹചര്യമുണ്ടെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ.
ഫാർമസിസ്റ്റില്ലാത്ത സമയത്ത് മരുന്ന് വിൽപ്പന
ഫാർമസിസ്റ്റുകളുടെ ഡ്യൂട്ടി സമയം നിലവിൽ എട്ട് മണിക്കൂറാണ്. ഇതിന് ശേഷം പല മെഡിക്കൽ ഷോപ്പുകളിലും ഫാർമസിസ്റ്റിന്റെ സേവനം ലഭ്യമാകാറില്ല.
ഈ സമയത്താണ് നിയന്ത്രിത മരുന്നുകളുടെ വിൽപ്പന നടക്കുന്നതെന്നാണ് ഫാർമസി കൗൺസിലിന്റെ വിലയിരുത്തൽ. അതിനാൽ മെഡിക്കൽ ഷോപ്പുകളിൽ ഫാർമസിസ്റ്റ് സാന്നിധ്യം മുഴുവൻ പ്രവർത്തനസമയത്തും ഉറപ്പാക്കണമെന്ന് കൗൺസിൽ ആവശ്യപ്പെടുന്നു.
എട്ട് മണിക്കൂറിന് ശേഷം രണ്ട് ഫാർമസിസ്റ്റുകൾ വേണം
മെഡിക്കൽ ഷോപ്പുകൾ എട്ട് മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ രണ്ട് ഫാർമസിസ്റ്റുകളെ നിയമിക്കണമെന്നാണ് കൗൺസിലിന്റെ നിർദേശം.
കൂടാതെ, ആന്റിബയോട്ടിക്കുകളുടെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനും മരുന്നുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കാനും ഫാർമസിസ്റ്റുകളുടെ സാന്നിധ്യം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഫാർമസിസ്റ്റുകൾക്ക് ക്ഷാമമില്ലെന്ന് കൗൺസിൽ
സംസ്ഥാനത്ത് ആവശ്യത്തിന് ഫാർമസിസ്റ്റുകൾ ലഭ്യമാണെന്ന് കേരള ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി. നവീൻചന്ദ് പറഞ്ഞു.
കൗൺസിലിൽ 1.10 ലക്ഷം രജിസ്ട്രേഷനുകളുണ്ട്. ഇതിൽ ഏകദേശം 50,000 പേരുടെ സേവനം നിലവിൽ കേരളത്തിൽ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും
കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഫാർമസിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച വിഷയം ഫാർമസി കൗൺസിൽ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇപ്പോഴത്തെ സർക്കാരിന്റെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവന്ന് സംസ്ഥാനതലത്തിൽ കർശന ഇടപെടലിനാണ് കൗൺസിൽ ശ്രമിക്കുന്നത്.
