റായ്പുർ ∙ പ്രായപൂർത്തിയാകാത്ത മകളെ ദീർഘകാലം ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്തെന്ന കേസിൽ പിതാവടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. പീഡനത്തെ തുടർന്ന് പെൺകുട്ടി രണ്ടുതവണ ഗർഭിണിയായതായും ആദ്യ ഗർഭം നിർബന്ധിച്ച് അലസിപ്പിച്ചതായും രണ്ടാം തവണ പ്രസവിച്ച കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് പറയുന്നു.
അമ്മ കുടുംബം വിട്ടുപോയതിന് പിന്നാലെ പീഡനം
2023ൽ പെൺകുട്ടിയുടെ അമ്മ മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പിരിഞ്ഞുപോയതോടെയാണ് പീഡനം ആരംഭിച്ചതെന്നാണ് ന്യൂ രാജേന്ദ്ര നഗർ പൊലീസ് പറയുന്നത്. ബന്ധുവീട്ടിൽവച്ച് 38കാരനായ പിതാവ് പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചതായാണ് കേസ്.
സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയെത്തുടർന്ന് പെൺകുട്ടിക്ക് വിവരം പുറത്തുപറയാൻ സാധിച്ചിരുന്നില്ലെന്നും പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
ആദ്യ ഗർഭം നിർബന്ധിച്ച് അലസിപ്പിച്ചു
തുടർച്ചയായ പീഡനത്തെ തുടർന്ന് പെൺകുട്ടി ആദ്യമായി ഗർഭിണിയായി. ഇക്കാര്യം പിതൃസഹോദരിയെ അറിയിച്ചതോടെ അവർ വിവരം പെൺകുട്ടിയുടെ പിതാവിനെ അറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് ഗർഭച്ഛിദ്രത്തിന് ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയെ നിർബന്ധിച്ച് മരുന്നുകൾ കഴിപ്പിച്ച് ഗർഭം അലസിപ്പിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഇതിന് ശേഷവും പീഡനം അവസാനിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
വീണ്ടും ഗർഭിണിയായതോടെ മറ്റൊരു വീട്ടിലേക്ക് മാറ്റി
2025ൽ പെൺകുട്ടി വീണ്ടും ഗർഭിണിയായതോടെ പിതാവ് സംഭവത്തെ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് പൊലീസ് പറയുന്നത്. വനിതാ സുഹൃത്തായ വർഷ മണ്ഡൽ എന്ന നഴ്സിന്റെ വീട്ടിലേക്കാണ് പെൺകുട്ടിയെ ആദ്യം മാറ്റിയത്.
സുരക്ഷിതമായി പ്രസവം നടത്താൻ സഹായിക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ അവിടെ താമസിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. പിന്നീട് വർഷയുടെ സുഹൃത്തായ ഗീതാ റായ് എന്ന മറ്റൊരു നഴ്സിന്റെ വീട്ടിലേക്കും പെൺകുട്ടിയെ മാറ്റി. ഏകദേശം രണ്ടുമാസത്തോളം അവിടെ താമസിപ്പിച്ചതായും പൊലീസ് പറയുന്നു.
വിവാഹിതയാണെന്ന് വ്യാജരേഖ നൽകി
പ്രസവത്തിനായി ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടിയുടെ പ്രായം മറച്ചുവയ്ക്കുകയും വിവാഹിതയാണെന്ന് തെറ്റായി രേഖപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി വ്യാജ ആധാർ കാർഡ് പോലും തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് റായ്പുരിലെ വാസുദേവ് ആശുപത്രിയിൽ പെൺകുട്ടിയെ പ്രവേശിപ്പിച്ചു. അവിടെ സിസേറിയനിലൂടെ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി.
നവജാതശിശുവിനെ മറ്റൊരാൾക്ക് കൈമാറി
പ്രസവശേഷം നവജാതശിശുവിനെ മറ്റൊരു ദമ്പതിമാർക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. ഡോക്ടറും പെൺകുട്ടിയുടെ പിതാവും മറ്റ് പ്രതികളും ചേർന്നാണ് കുഞ്ഞിനെ കൈമാറിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
പ്രസവത്തിന് ശേഷം പെൺകുട്ടിയെ കുറച്ചുകാലം കൂടി ഗീതാ റായിയുടെ വീട്ടിൽ താമസിപ്പിച്ചു. ഏകദേശം 15 ദിവസത്തിന് ശേഷമാണ് പിതാവ് അവളെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോയത്.
അമ്മയുമായി ബന്ധപ്പെട്ടു; പിന്നാലെ പരാതി
പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിക്ക് അമ്മയുമായി ബന്ധപ്പെടാൻ സാധിച്ചു. താൻ നേരിട്ട പീഡനവും ഇതുവരെ സംഭവിച്ച കാര്യങ്ങളും പെൺകുട്ടി അമ്മയോട് തുറന്നുപറഞ്ഞു.
തുടർന്ന് അമ്മ മകളുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ പോക്സോ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരവും പൊലീസ് കേസെടുത്തു.
ആറുപേർ അറസ്റ്റിൽ
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് കേസിൽ പിതാവടക്കം ആറുപേരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവ്, അമ്മായി, രോഹിത് കുമാർ റായ്, ഭാര്യ ഗീത, സ്വകാര്യ ആശുപത്രിയിലെ സൂപ്പർവൈസർ സാഹിബ് മണ്ഡൽ, ഭാര്യ വർഷ മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽനിന്ന് രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പെൺകുട്ടിയെ പീഡിപ്പിച്ചതിലും ഗർഭം മറച്ചുവയ്ക്കാൻ ശ്രമിച്ചതിലും വ്യാജ രേഖകൾ ഉപയോഗിച്ചതിലും നവജാതശിശുവിനെ മറ്റൊരാൾക്ക് കൈമാറിയതിലും കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി രേഖകളും മറ്റ് തെളിവുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂവെന്നും അധികൃതർ അറിയിച്ചു.
