തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശം പകർന്ന് മോഹൻലാലും സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം വൈറലാകുന്നു. നർമത്തിന് പ്രാധാന്യം നൽകിയൊരുക്കിയ പ്രൊമോ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ ഒരു മില്യണിലധികം പേരാണ് വീഡിയോ കണ്ടത്.
ഇൻസ്റ്റഗ്രാമിൽ മാത്രം വീഡിയോയ്ക്ക് 1.2 മില്യൺ വ്യൂസ് ലഭിച്ചു. അരലക്ഷത്തോളം ലൈക്കുകളും വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്.
കേരള ക്രിക്കറ്റ് ലീഗിനായി മോഹൻലാലും സഞ്ജുവും
സിനിമാ ചിത്രീകരണം കഴിഞ്ഞ് കാറിൽ കയറുന്ന മോഹൻലാലിലൂടെയാണ് പരസ്യം ആരംഭിക്കുന്നത്. വാഹനം ഓടിക്കുന്നത് സഞ്ജു സാംസണാണെന്ന് അറിയാതെയാണ് ലാലേട്ടൻ സഞ്ജുവിനോട് സംസാരിക്കുന്നത്.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് പോകാൻ ആവശ്യപ്പെടുമ്പോൾ ‘ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?’ എന്ന സഞ്ജുവിന്റെ ചോദ്യമാണ് സംഭാഷണത്തിന് വഴിത്തിരിവാകുന്നത്.
സഞ്ജുവിനെക്കുറിച്ച് മോഹൻലാലിന്റെ ‘ഓർമകൾ’
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ തന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്ന മോഹൻലാൽ, സഞ്ജുവിനെ താനാണ് രാജസ്ഥാനിൽനിന്ന് ചെന്നൈ ടീമിലേക്ക് കൊണ്ടുവന്നതെന്നും പറയുന്നു.
അതേസമയം, ഡ്രൈവിങ് സീറ്റിലുള്ളത് സാക്ഷാൽ സഞ്ജു സാംസണാണെന്ന് ഒടുവിൽ മോഹൻലാൽ തിരിച്ചറിയുന്നു. അമ്പരക്കുന്ന മോഹൻലാലിന്റെ രംഗത്തോടെയാണ് രസകരമായ പരസ്യചിത്രം അവസാനിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത
ഗ്രൗണ്ടിലെ പ്രകടനത്തിന് പുറമെ ക്യാമറയ്ക്ക് മുന്നിലും സഞ്ജു സ്വതസിദ്ധമായ ശൈലി പുറത്തെടുത്തതോടെ വീഡിയോ ശ്രദ്ധേയമായി. മോഹൻലാലിന്റെ കോമഡി ടൈമിംഗും കൂടിയായപ്പോൾ സിനിമാ-ക്രിക്കറ്റ് ആരാധകർ പ്രൊമോ ഏറ്റെടുത്തു.
കുറച്ചുദിവസങ്ങൾക്ക് മുൻപ് മോഹൻലാലിനൊപ്പമുള്ള ചിത്രം സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കെസിഎല്ലിന്റെ മൂന്നാം സീസണിന് മുന്നോടിയായി പുതിയ വീഡിയോ പുറത്തിറക്കിയത്.
ഒരു മില്യൺ കടന്ന് കാഴ്ചക്കാർ
പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ വലിയ ശ്രദ്ധ നേടി. ആദ്യ അഞ്ച് മണിക്കൂറിൽ ഒരു മില്യണിലധികം കാഴ്ചക്കാരെ നേടിയതോടെ കേരള ക്രിക്കറ്റ് ലീഗിന്റെ പ്രചാരണത്തിന് പുതിയ ആവേശമാണ് ലഭിച്ചിരിക്കുന്നത്.
മോഹൻലാലിന്റെയും സഞ്ജു സാംസണിന്റെയും ആരാധകരും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ ഏറ്റെടുത്തതോടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയാണ്.
