facebook

ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതി വിധി ഒക്ടോബറിൽ

2 Min Read


ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം അടക്കം മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ സുപ്രീംകോടതി ഒക്ടോബർ ആദ്യവാരം വിധി പറഞ്ഞേക്കും. ഒൻപത് അംഗ ഭരണഘടനാബെഞ്ച് പരിഗണിച്ച കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. വിധിക്ക് പിന്നാലെ ശബരിമല പുനഃപരിശോധനാ ഹർജികളിലും തുടർനടപടികൾക്ക് വഴിയൊരുങ്ങും.

ശബരിമല യുവതീപ്രവേശനം; ഒക്ടോബറിൽ വിധി

ന്യൂഡൽഹിയിൽ ബോധ്ഗയ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒൻപത് അംഗ ഭരണഘടനാബെഞ്ചിന്റെ വിധിയെക്കുറിച്ച് സൂചന നൽകിയത്.

ശബരിമല വിധിക്ക് ശേഷം ബോധ്ഗയ കേസ് പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഒക്ടോബർ ആദ്യവാരം വിധി പറയുമെന്നാണ് സൂചന.

ഏഴ് പ്രധാന വിഷയങ്ങളിലാണ് വാദം നടന്നത്

മതസ്വാതന്ത്ര്യം, അവകാശം, വിശ്വാസം, ആചാരം എന്നിവയുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളിലാണ് ഭരണഘടനാബെഞ്ച് വാദം കേട്ടത്. 16 ദിവസത്തോളം നീണ്ട മാരത്തൺ വാദത്തിന് ശേഷം കഴിഞ്ഞ മേയ് 14ന് കേസ് വിധി പറയാനായി മാറ്റി.

ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ച പാഴ്സി വനിതയെ അവരുടെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങളും ബെഞ്ച് പരിഗണിച്ചു.

ഭരണഘടനാ അവകാശങ്ങളും മതാചാരങ്ങളും

ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും പരിധിയും ബെഞ്ച് പരിശോധിക്കുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്. വ്യക്തിയുടെ അവകാശങ്ങളും അനുച്ഛേദം 26 പ്രകാരമുള്ള പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശങ്ങളും തമ്മിലുള്ള ബന്ധവും പരിഗണനയിലുണ്ട്.

മതവിഭാഗങ്ങളുടെ അവകാശങ്ങൾ സമത്വം ഉൾപ്പെടെയുള്ള ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് വിധേയമാണോ എന്നതും പരിശോധിക്കും. കൂടാതെ, അനുച്ഛേദം 25, 26 എന്നിവയിലെ ‘ധാർമ്മികത’ എന്ന പദത്തിന്റെ പരിധിയും ഭരണഘടനാധാർമികത അതിൽ ഉൾപ്പെടുമോയെന്നതും വിധിയിൽ വ്യക്തമാക്കും.

മതാചാരങ്ങളിൽ കോടതിയുടെ ഇടപെടൽ എത്രത്തോളം?

മതാചാരങ്ങൾ എത്രത്തോളം ജുഡിഷ്യൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കാമെന്നതാണ് മറ്റൊരു പ്രധാന വിഷയം. അനുച്ഛേദം 25(2)(ബി)യിൽ പറയുന്ന ‘ഹിന്ദുമതത്തിലെ വിഭാഗങ്ങൾ’ എന്നതിന്റെ അർത്ഥവും ബെഞ്ച് പരിശോധിക്കും.

അതേസമയം, മറ്റൊരു വിശ്വാസ സമൂഹത്തിൽപ്പെട്ടവർക്ക് തങ്ങളുടേതല്ലാത്ത വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളെ പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോയെന്ന ചോദ്യവും പരിഗണനയിലുണ്ട്.

ശബരിമല പുനഃപരിശോധനാ ഹർജികളിലും നിർണായകം

ഒൻപത് അംഗ ഭരണഘടനാബെഞ്ചിന്റെ വിധിക്ക് ശേഷമാകും ശബരിമല യുവതീപ്രവേശനം അനുവദിച്ച മുൻവിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിൽ അഞ്ചംഗ ബെഞ്ച് വാദം കേൾക്കുക.

ഇതോടെ ഭരണഘടനാബെഞ്ചിന്റെ വിധി ശബരിമല വിഷയത്തിലെ തുടർനടപടികൾക്കും നിർണായകമാകും.

വിധി പറയുന്ന ഏഴ് വിഷയങ്ങൾ

  1. ഭരണഘടനയുടെ അനുച്ഛേദം 25ലെ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ വ്യാപ്തിയും പരിധിയും.
  2. അനുച്ഛേദം 25ലെ വ്യക്തി അവകാശങ്ങളും അനുച്ഛേദം 26ലെ പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശങ്ങളും തമ്മിലുള്ള ബന്ധം.
  3. പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശങ്ങൾ ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് വിധേയമാണോ എന്നത്.
  4. അനുച്ഛേദം 25, 26 എന്നിവയിലെ ‘ധാർമ്മികത’ എന്ന പദത്തിന്റെ പരിധിയും ഭരണഘടനാധാർമികതയുടെ പ്രസക്തിയും.
  5. മതാചാരങ്ങൾ എത്രത്തോളം ജുഡിഷ്യൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കാം എന്നത്.
  6. അനുച്ഛേദം 25(2)(ബി)യിലെ ‘ഹിന്ദുമതത്തിലെ വിഭാഗങ്ങൾ’ എന്നതിന്റെ അർത്ഥം.
  7. മറ്റ് വിശ്വാസ സമൂഹങ്ങളിലുള്ളവർക്ക് തങ്ങളുടേതല്ലാത്ത വിശ്വാസ സമൂഹങ്ങളുടെ ആചാരങ്ങളെ പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ എന്നത്.
Share This Article