facebook

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ ‘തൊപ്പി’ക്ക് റൂറൽ സൈബർ പോലീസിന്റെ പുതിയ നോട്ടിസ്

2 Min Read

പ്രശസ്ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന് നേരെ നിയമനടപടികൾ വീണ്ടും ശക്തമാക്കി കൊച്ചി റൂറൽ സൈബർ പോലീസ്. സ്വന്തം സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു എന്ന ഗുരുതരമായ കേസിന്റെ പശ്ചാത്തലത്തിലാണ് പോലീസ് അദ്ദേഹത്തിന് പോലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടിസ് നൽകിയിരിക്കുന്നത്. വരും ആഴ്ചയിൽ തന്നെ ചോദ്യം ചെയ്യൽ നടപടികൾക്കായി നേരിട്ടെത്തണം എന്നാണ് പോലീസിന്റെ കർശനമായ നിർദേശം.

ഇതിനുമുമ്പും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് എത്തുവാൻ പോലീസ് നോട്ടിസ് നൽകിയിരുന്നെങ്കിലും നിഹാദ് ഹാജരാകാതെ ഒഴിന്നുമാറുകയായിരുന്നു. തുടർന്ന് അറസ്റ്റ് ഭയന്ന് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യ ഹർജി കോടതി തീർപ്പാക്കുകയാണുണ്ടായത്. കേസിൽ പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ നിയമപരമായ വഴി തുറന്നതോടെയാണ് എറണാകുളം റൂറൽ സൈബർ പോലീസ് അന്വേഷണ നടപടികൾ തകൃതിയാക്കിയത്.

തൊപ്പിയും അദ്ദേഹത്തോടൊപ്പം മുൻപ് പ്രവർത്തിച്ചിരുന്ന അടുത്ത സുഹൃത്തുക്കളും തമ്മിൽ ഉടലെടുത്ത കടുത്ത അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ പോരുകളുമാണ് നിലവിലെ കേസിന് ആധാരമായ സംഭവം. സുഹൃത്തുക്കളുമായുള്ള ബന്ധം വഷളായതോടെ ഇവരുടെ സ്വകാര്യ അശ്ലീല ദൃശ്യങ്ങൾ തൊപ്പി സ്വന്തം ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലുകൾ വഴി പരസ്യപ്പെടുത്തുകയായിരുന്നു. ഇതിനു പുറമെ തന്റെ വസതിയിലേക്ക് സുഹൃത്തുക്കൾ മാരക ലഹരിമരുന്നുകൾ എത്തിച്ചു എന്ന ഗുരുതരമായ ആരോപണവും തൊപ്പി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഉന്നയിച്ചു.

എന്നാൽ തൊപ്പിയുടെ ആരോപണങ്ങളെ പ്രതിരോധിച്ച് സുഹൃത്തുക്കളും രംഗത്തെത്തിയതോടെ വിഷയം കൂടുതൽ വഷളായി. പെൺകുട്ടികളെ തൊപ്പി ലൈംഗികമായി ചൂഷണം ചെയ്തെന്നും പിന്നീട് വലിയ തുകകൾ നൽകി ഇത്തരം കേസുകൾ പുറത്തറിയാതെ ഒതുക്കിത്തീർക്കുകയായിരുന്നു എന്നുമാണ് സുഹൃത്തുക്കൾ തിരിച്ച് ആരോപിച്ചത്. പ്രായപൂർത്തിയാകാത്ത കൊച്ചുപെൺകുട്ടികളോട് പോലും ഇയാൾ ലൈംഗികാതിക്രമം നടത്തിയത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തി. ഇതിനുപിന്നാലെ തൊപ്പിയുടെ മുറിയിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുന്ന തരത്തിലുള്ള ചില വീഡിയോ ദൃശ്യങ്ങളും സുഹൃത്തായ ഷമീർ പുറത്തുവിട്ടു.

തൊപ്പിയും കൂട്ടാളികളും തമ്മിൽ പരസ്പരം വ്യക്തിഹത്യ നടത്തുന്നതിനായി സൈബർ ഇടങ്ങളിൽ നടത്തിയ ലൈവ് വീഡിയോകളും ചർച്ചകളും അങ്ങേയറ്റം അതിരുകടന്നതോടെയാണ് വിഷയം ജനശ്രദ്ധ നേടുന്നത്. ലക്ഷക്കണക്കിന് പ്രായപൂർത്തിയാകാത്ത കുട്ടികളും യുവാക്കളും പിന്തുടരുന്ന ഇത്തരം ഒരു വ്യക്തിയിൽ നിന്നും ഉണ്ടാകുന്ന അപചയങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന ഘട്ടത്തിലാണ് നിയമപോരാട്ടം ആരംഭിക്കുന്നത്. തുടർന്ന് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപി ഉൾപ്പെടെയുള്ള പോലീസ് അധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Share This Article