facebook

കാനഡയിൽ നിന്ന് നാടുകടത്തപ്പെട്ട വിദേശികളിൽ ഇന്ത്യക്കാർ ഒന്നാമത്: ആറു മാസത്തിനിടെ 3,300-ലധികം ഇന്ത്യക്കാരെ നാടുകടത്തി

2 Min Read

കാനഡയിൽ നിന്ന് വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെടുന്ന വിദേശ പൗരന്മാരുടെ കണക്കിൽ ഇന്ത്യക്കാർ ഒന്നാമതെത്തി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മാത്രം 3,323 ഇന്ത്യൻ പൗരന്മാരെയാണ് കാനഡ സർക്കാർ സ്വന്തം രാജ്യത്തേക്ക് തിരികെ അയച്ചത്. ഇതോടെ മുൻവർഷങ്ങളിൽ ഈ പട്ടികയിൽ മുൻപന്തിയിലുണ്ടായിരുന്ന മെക്സിക്കോയെ പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഇതേ കാലയളവിൽ 1,573 മെക്സിക്കൻ പൗരന്മാരെ മാത്രമാണ് കാനഡ നാടുകടത്തിയത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാനഡയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്. 2021-ൽ 603 ഇന്ത്യക്കാരെ മാത്രമായിരുന്നു നാടുകടത്തിയിരുന്നതെങ്കിൽ 2025 ആയപ്പോഴേക്കും ഇത് 3,779 ആയി ഉയർന്നിരുന്നു. എന്നാൽ 2026-ന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോഴേക്കും തന്നെ ഈ സംഖ്യ മൂവായിരം കടന്നു എന്നത് സ്ഥിതിഗതികളുടെ തീവ്രത വ്യക്തമാക്കുന്നു. 2020-ൽ 1,424 ഇന്ത്യക്കാരെ നാടുകടത്തിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ വീണ്ടും പട്ടികയിൽ ഒന്നാമത് എത്തുന്നത്.

കണക്കുകൾ പരിശോധിക്കുമ്പോൾ 2022-ൽ 786 പേരെയും, 2023-ൽ 1,132 പേരെയും, 2024-ൽ 2,004 പേരെയുമാണ് കാനഡ തിരികെ അയച്ചിരുന്നത്. എന്നാൽ നടപ്പു വർഷം അവസാനിക്കുന്നതോടെ നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ ആകെ എണ്ണം 5,000 കടക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. മറ്റൊരു വികസിത രാജ്യമായ അമേരിക്ക ഇക്കാലയളവിൽ 1,273 ഇന്ത്യക്കാരെ മാത്രമാണ് നാടുകടത്തിയത് എന്നതും ശ്രദ്ധേയമാണ്. അതായത് യുഎസ് അയച്ചതിനേക്കാൾ രണ്ടിരട്ടിയിലധികം ആളുകളെയാണ് കാനഡ ഇതിനോടകം പുറത്താക്കിയിരിക്കുന്നത്.

നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് അനുസരിച്ച് 7,669 ഇന്ത്യക്കാർ കൂടി കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ തങ്ങളുടെ കുടിയേറ്റ നയങ്ങളും വിസ നിയമങ്ങളും കാനഡ കൂടുതൽ കർശനമാക്കാനാണ് സാധ്യത. വിസ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നത് ഇതി പ്രധാന കാരണങ്ങളിലൊന്നാണ്. കൂടാതെ വ്യാജ ഏജന്റുമാർ വഴി എത്തിയതും വ്യാജ രേഖകൾ സമർപ്പിച്ചതും വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

ഇതിനുപുറമെ, രാജ്യത്ത് അഭയാർത്ഥി പദവിക്കായി നൽകിയ അപേക്ഷകൾ നിരസിക്കപ്പെടുക, പഠനവുമായും ജോലിയുമായും ബന്ധപ്പെട്ട് അധികൃതർ മുന്നോട്ടുവെച്ച കർശന വ്യവസ്ഥകൾ പാലിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് കാനഡ ഭരണകൂടം വ്യാപകമായി നാടുകടത്തൽ നടപടികൾ സ്വീകരിച്ചു വരുന്നത്. ഈ നീക്കം കാനഡയിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും തൊഴിലാളികളെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Share This Article