facebook

ലഹരിക്കെതിരെ ചുവടുവെച്ച് കോട്ടയം; സ്വാതന്ത്ര്യദിനത്തിൽ യുവാക്കളുടെ മിനി മാരത്തൺ

2 Min Read

കോട്ടയം: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് കോട്ടയത്ത് മിനി മാരത്തൺ സീസൺ–4 നടക്കും. ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ് കോളേജും മഹാത്മാഗാന്ധി സർവകലാശാലയുടെ പിന്തുണയോടെയും സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷന്റെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തെള്ളകം കാരിത്താസ് മാത ആശുപത്രിക്ക് സമീപത്തുള്ള ഹൊറൈസൺ മോട്ടോഴ്സ് അങ്കണത്തിൽനിന്നും  ആരംഭിക്കുന്ന മിനി മാരത്തൺ 10 കിലോമീറ്റർ പിന്നിട്ട് സി.എം.എസ്. കോളജിൽ സമാപിക്കും

“Say No to Drugs” എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന മാരത്തൺ ലഹരിവിരുദ്ധ ബോധവൽക്കരണവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾ, യുവാക്കൾ, കുടുംബങ്ങൾ, കായികപ്രേമികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്ക് പങ്കെടുക്കാം.

പരിപാടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആശംസകൾ നേർന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്ന് ഇരുവരും ആശംസാസന്ദേശത്തിൽ വ്യക്തമാക്കി. ലഹരിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിനുള്ള ജനകീയ മുന്നേറ്റങ്ങൾക്ക് മിനി മാരത്തൺ പോലുള്ള സംരംഭങ്ങൾ കൂടുതൽ കരുത്തേകുമെന്നും അവർ അഭിപ്രായപ്പെട്ടു.

ഇത്തവണ മഹാത്മാഗാന്ധി സർവകലാശാലയുടെ സജീവ പങ്കാളിത്തമാണ് പ്രധാന പ്രത്യേകത. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം കൂടുതൽ വ്യാപകമായി സമൂഹത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

കേന്ദ്ര സർക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെയും കേരള സർക്കാരിന്റെ വിമുക്തി മിഷൻ പ്രവർത്തനങ്ങളുടെയും ലക്ഷ്യങ്ങളോട് ചേർന്നുനിൽക്കുന്ന പരിപാടിയാണിതെന്ന് സംഘാടകർ വ്യക്തമാക്കി.

മാരത്തണിനോടനുബന്ധിച്ച്  സുംബ ഡാൻസ് സെഷനും ഒരുക്കിയിട്ടുണ്ട്. സംഗീതവും വ്യായാമവും സമന്വയിപ്പിക്കുന്ന പരിപാടി കുടുംബങ്ങൾക്കും യുവതി  – യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനാകുമെന്ന് സംഘാടകർ അറിയിച്ചു.

വിവിധ പ്രായവിഭാഗങ്ങൾക്കായി പ്രത്യേക റേസ് വിഭാഗങ്ങളുണ്ട്. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും മെഡലും സർട്ടിഫിക്കറ്റും നൽകും.

കഴിഞ്ഞ മൂന്ന് സീസണുകളിലും നൂറുകണക്കിന് പേരാണ് മാരത്തണിൽ പങ്കെടുത്തത്. പ്രതികൂല കാലാവസ്ഥയിലും 18 മുതൽ 74 വയസ്സ് വരെയുള്ളവരുടെ പങ്കാളിത്തം പരിപാടിയുടെ ജനപ്രീതി തെളിയിച്ചതായി സംഘാടകർ ചൂണ്ടിക്കാട്ടി. “Stop Drugs, Save Lives” എന്ന സന്ദേശം സമൂഹത്തിൽ ശക്തമായി പ്രചരിപ്പിക്കുന്നതിലും മാരത്തൺ ശ്രദ്ധേയ പങ്കുവഹിച്ചതായും അവർ പറഞ്ഞു.

മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ  പ്രൊഫ. ഡോ. ഡി. മാവൂത്ത്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോകകുമാർ, കാർഗിൽ യുദ്ധത്തിൻ ഇന്ത്യയെ നയിച്ച കേണൽ  ജയപാലൻ ഇ.കെ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

സി.എം.എസ് കോളേജിലെ എൻ.എസ്.എസ്., എൻ.സി.സി. വളന്റിയർമാർ മാരത്തണിന്റെ നടത്തിപ്പിന് നേതൃത്വം നൽകും. മത്സരാർത്ഥികളുടെ ആരോഗ്യസുരക്ഷയ്ക്കായി കാരിത്താസ് ആശുപത്രിയുടെ മെഡിക്കൽ സംഘവും സജ്ജമായിരിക്കും. റേഡിയോ മംഗളം 91.2 ഔദ്യോഗിക റേഡിയോ പങ്കാളിയാണ്.

“ലഹരിയില്ലാത്ത കേരളം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് യുവജനപങ്കാളിത്തവും സാമൂഹിക ഉത്തരവാദിത്വവും ഒരുമിപ്പിക്കുന്ന ജനകീയ വേദിയായാകും ഇത്തവണയും കോട്ടയം മിനി മാരത്തൺ.

Share This Article