ഫുട്ബോൾ ലോകകപ്പ് ആവേശത്തെ ബിസിനസ്സ് സാധ്യതയാക്കി മാറ്റുകയാണ് മലയാളി സംരംഭകരായ ഷോബി ടി. പോളും വിബിൻ വിൻസന്റും.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കായി ആകാശയാത്രകൾ സുഗമമാക്കാൻ ഷോബി ടി. പോളിന്റെ ഹാലോ എയർവേയ്‌സ് വടക്കേ അമേരിക്കയിൽ പ്രവർത്തനം ആരംഭിച്ചു. വേദികൾ തമ്മിലുള്ള വലിയ ദൂരവും യാത്രാസൗകര്യങ്ങളുടെ കുറവും പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം.
ഏഴു സീറ്റുകൾ മുതൽ പതിമൂന്ന് സീറ്റുകൾ വരെയുള്ള വിവിധങ്ങളായ വിമാനങ്ങൾ ഹാലോയുടെ സേവനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
പ്രവർത്തനങ്ങൾ സുഗമമാക്കാൻ യു.എസിലെ റോയൽറ്റി ഏവിയേഷൻ ഉൾപ്പെടെയുള്ള പ്രാദേശിക കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു. ക്യാപ്റ്റൻ വിബിൻ വിൻസന്റ് നേതൃത്വം നൽകുന്ന റോയൽറ്റി ഏവിയേഷന്റെ പിന്തുണയോടെ ഗ്രൗണ്ട് ഹാൻഡിലിങ്ങും ലോജിസ്റ്റിക്സും ഉൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമാക്കുന്നു.
2012-ൽ കൊച്ചിയിൽ തുടങ്ങിയ ഹാലോ എയർവേയ്‌സിന് ബെംഗളൂരുവിലും മുംബൈയിലും ശക്തമായ സാന്നിധ്യമുണ്ട്. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും സേവനം നൽകുന്ന കമ്പനി വടക്കേ അമേരിക്കയിൽ ആദ്യമായാണ് പ്രവർത്തനം തുടങ്ങുന്നത്. പ്രമുഖ രാഷ്ട്രീയക്കാർക്കും സിനിമാ-കായിക താരങ്ങൾക്കും സുപരിചിതമായ സേവനമാണ് ഹാലോ ഇപ്പോൾ ലോകകപ്പ് വേദിയിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്.
English Summery
Malayalam entrepreneur Shoby T. Paul’s ‘Halo Airways’ has launched aviation services in North America, partnering with Captain Vibin Vincent’s company, to facilitate travel between venues for the FIFA World Cup.
