ബ്രഹ്മപുരത്ത് വരുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ബാറ്ററി വൈദ്യുതി സംഭരണ പദ്ധതി! സോളാർ പവർ സംഭരിക്കാൻ 250 മെഗാവാട്ട് ഭീമൻ പ്രൊജക്റ്റിന് റഗുലേറ്ററി കമ്മിഷന്റെ അനുമതി; രാത്രിയിലെ കറന്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം

2 Min Read

തിരുവനന്തപുരം: പകൽ സമയത്ത് ഉൽപാദിപ്പിക്കുന്ന സോളാർ വൈദ്യുതി സംഭരിച്ച് രാത്രിയിൽ ഉപയോഗിക്കുന്നതിനായി ബ്രഹ്മപുരത്ത് 250 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ ബാറ്ററി വൈദ്യുതി സംഭരണ പദ്ധതിയാണിത്.

ബ്രഹ്മപുരത്ത് പ്രവർത്തനം അവസാനിപ്പിച്ച ഡീസൽ നിലയത്തോട് ചേർന്നുള്ള ഒമ്പത് ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. ശ്രേയസ് സോർട്ടക്‌സ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി താരിഫ് അടിസ്ഥാനത്തിലുള്ള കരാറിൽ ഏർപ്പെടാൻ കെഎസ്ഇബിക്ക് കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്.

പദ്ധതി പൂർത്തിയാകുന്നതോടെ രാത്രികാല ആവശ്യങ്ങൾക്കായി യൂണിറ്റിന് 5.59 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാകും. നിലവിൽ ആവശ്യകത കൂടുതലുള്ള സമയങ്ങളിൽ യൂണിറ്റിന് 10 രൂപയോ അതിൽ കൂടുതലോ ചെലവഴിച്ച് സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളത്. പുതിയ സംവിധാനം ഈ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ നിർമാണച്ചെലവ് ഏകദേശം 600 കോടി രൂപയാണ്. ഇതിൽ 90 കോടി രൂപ കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് (VGF) പദ്ധതിയിലൂടെ ലഭിക്കും. കെഎസ്ഇബിക്ക് നേരിട്ടുള്ള സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

സ്വയംപര്യാപ്തതയിലേക്ക് ചുവടുവെപ്പ്

സംസ്ഥാനത്ത് സോളാർ വൈദ്യുതി ഉൽപാദനം വർധിച്ചിട്ടുണ്ടെങ്കിലും അത് സംഭരിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം മൂലം രാത്രിയിൽ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളത്. ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപകമാകുന്നതോടെ ഈ ആശ്രിതത്വം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

മറ്റ് അഞ്ച് കേന്ദ്രങ്ങളിലും പദ്ധതികൾ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി താഴെ പറയുന്ന കേന്ദ്രങ്ങളിലും ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്:

  • മൈലാട്ടി – 125 മെഗാവാട്ട്
  • മുള്ളേരിയ – 15 മെഗാവാട്ട്
  • ശ്രീകണ്ഠപുരം – 40 മെഗാവാട്ട്
  • അരീക്കോട് – 30 മെഗാവാട്ട്
  • പോത്തൻകോട് – 40 മെഗാവാട്ട്

ഈ പദ്ധതികൾക്കായുള്ള കരാറുകൾ എൻടിപിസി, ടാറ്റ ഉൾപ്പെടെയുള്ള വിവിധ കമ്പനികളുമായി ഒക്ടോബറോടെ പൂർത്തിയാകുമെന്നാണ് സൂചന.

English Summary

Kerala has received regulatory approval for a 250 MW Battery Energy Storage System (BESS) project at Brahmapuram to store solar power generated during the day for use at night. The project, estimated to cost ₹600 crore, is expected to reduce dependence on expensive power purchases from outside the state and improve energy self-sufficiency.

Share This Article