കണ്ണൂർ: സ്റ്റിയറിങ് വീലിൽ നിന്ന് സ്കൂൾ ഭരണചുമതലയിലേക്ക് എത്തിയ 31കാരൻ എം.കെ. അഭിജിത്തിന്റെ ജീവിതയാത്ര ഇപ്പോൾ നിരവധി യുവാക്കൾക്ക് പ്രചോദനമാകുകയാണ്. കണ്ണൂർ–കൊട്ടിയൂർ റൂട്ടിൽ സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അഭിജിത്ത്, ജൂൺ ഒന്നിന് കാസർകോട്ടെ ചിന്മയ സ്കൂളിൽ വൈസ് പ്രിൻസിപ്പലായി ചുമതലയേറ്റതോടെയാണ് ശ്രദ്ധേയനായത്.
ചാല കൊയ്യോട് സ്വദേശിയായ അഭിജിത്തിന് അധ്യാപകനാകുക എന്നത് ചെറുപ്പം മുതലുള്ള സ്വപ്നമായിരുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പഠനം ഉപേക്ഷിക്കാതെ മുന്നോട്ട് കൊണ്ടുപോകാനാണ് അദ്ദേഹം തീരുമാനിച്ചത്. കണ്ണൂർ ശ്രീപുരം സ്കൂളിലും ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിലുമായി പഠനം പൂർത്തിയാക്കിയ ശേഷം കണ്ണൂർ എസ്.എൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് ബിരുദം നേടി.
പഠനകാലത്ത് കുടുംബത്തെ സഹായിക്കുന്നതിനും വിദ്യാഭ്യാസ ചെലവുകൾ കണ്ടെത്തുന്നതിനുമായി രാത്രികളിൽ ഓട്ടോ ഓടിച്ചിരുന്ന അഭിജിത്ത് പിന്നീട് ബസ് ഡ്രൈവറായി. അവധി ദിവസങ്ങളിൽ മാത്രം ആരംഭിച്ച ഡ്രൈവിംഗ് ജോലി പിന്നീട് സ്ഥിരതൊഴിലായി മാറിയെങ്കിലും ഉയർന്ന വിദ്യാഭ്യാസമെന്ന ലക്ഷ്യം അദ്ദേഹം കൈവിട്ടില്ല.
പാലക്കാട് ഭാരതീയ വിദ്യാനികേതൻ കോളേജിൽ നിന്ന് ബി.എഡും കണ്ണൂർ സർവകലാശാലയിൽ നിന്ന് എം.എഡും പൂർത്തിയാക്കിയ അഭിജിത്ത്, അധ്യാപന മേഖലയിലേക്കുള്ള അവസരങ്ങൾ തേടിക്കൊണ്ടിരുന്നു. അതിനിടെയാണ് ചിന്മയ വിദ്യാലയത്തിലെ അഭിമുഖത്തിൽ പങ്കെടുക്കുന്നത്. വലിയ പ്രതീക്ഷകളില്ലാതെ കാത്തിരുന്ന അദ്ദേഹത്തെ ഒടുവിൽ വൈസ് പ്രിൻസിപ്പൽ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്ന പിതാവ് സി.കെ. ദിനേശ് ബാബു വിരമിച്ച ശേഷം ഓട്ടോ ഡ്രൈവറായിരുന്നതിനാലാണ് അഭിജിത്തും ഡ്രൈവിംഗ് രംഗത്തേക്ക് എത്തിയത്. മാതാവ് എം.കെ. കാഞ്ചനയാണ്.
അധ്യാപന രംഗത്തിന് പുറമെ കലാരംഗത്തും അഭിജിത്ത് സജീവമാണ്. എബ്രഹാം ഓസ്ലർ, പുഷ്പക വിമാനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വ്ലോഗറായും സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹത്തിന് ഇൻസ്റ്റഗ്രാമിൽ വലിയ പിന്തുണയുണ്ട്. കവിതാരചനയിലും താൽപര്യമുള്ള അഭിജിത്തിനെ സ്കൂളിൽ ചുമതലയേറ്റ ദിവസങ്ങൾക്കുള്ളിൽ തന്നെ ചില രക്ഷിതാക്കൾ തിരിച്ചറിഞ്ഞതും അദ്ദേഹത്തിന് സന്തോഷകരമായ അനുഭവമായി.
കഠിനാധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിൽ നിന്നും ഉയരങ്ങളിലെത്താമെന്നതിന് അഭിജിത്തിന്റെ ജീവിതം മികച്ച ഉദാഹരണമാണെന്ന് നാട്ടുകാർ പറയുന്നു.
English Summary:
MK Abhijith, a 31-year-old former private bus driver from Kannur, has achieved his long-cherished dream of entering the education sector by becoming Vice Principal of Chinmaya School in Kasaragod. Despite financial challenges, he completed higher studies while working as an auto and bus driver. His inspiring journey highlights determination, perseverance, and the power of education.
