ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിലെ പി.ബി.എം ആശുപത്രിയിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
പ്രസവം കഴിഞ്ഞ് 10 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ അഞ്ച് സ്ത്രീകൾക്കും ആരോഗ്യനില മോശമാവുകയും വൃക്ക തകരാർ ഉൾപ്പെടെയുള്ള സങ്കീർണതകൾ പ്രകടമാകുകയും ചെയ്തതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രോഗികളിൽ രണ്ടുപേർ സിസേറിയൻ ശസ്ത്രക്രിയയിലൂടെയും മൂന്നുപേർ സാധാരണ പ്രസവത്തിലൂടെയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയവരാണ്.
എല്ലാ രോഗികളെയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഡയാലിസിസ് ചികിത്സ നൽകുകയാണ്. ഫലോഡി സ്വദേശിനിയായ 20 വയസ്സുകാരി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്.
മൂത്രാശയ തടസ്സം, അണുബാധ, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയൽ, വൃക്ക തകരാർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് രോഗികളിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രി ആഭ്യന്തര സമിതിയെ നിയോഗിച്ചതായി പി.ബി.എം ആശുപത്രി സൂപ്രണ്ട് ബി.സി. ഘിയ അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ഉടൻ സംസ്ഥാന സർക്കാരിന് കൈമാറും.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി ഗജേന്ദ്ര സിങ് ഖിംസർ ഉന്നതതല അവലോകന യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അതേസമയം, രോഗികളുടെ ആരോഗ്യനിലയെയും ചികിത്സാ പുരോഗതിയെയും കുറിച്ച് മതിയായ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
English Summary
The Rajasthan government has ordered a detailed investigation after five women developed kidney failure and other serious complications following childbirth at PBM Hospital in Bikaner. All five patients are undergoing treatment in the ICU, with one woman reported to be in critical condition and on ventilator support.
