മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

1 Min Read

പാലക്കാട്: മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിയായ ഷെമിലാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഷെമിൽ സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയത്. കുളി കഴിഞ്ഞ് തിരികെ കരയിലേക്ക് നീന്തിക്കയറുന്നതിനിടെ വിദ്യാർഥിയെ കാണാതാവുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം രാത്രി വൈകുംവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം രാത്രി തെരച്ചിൽ അവസാനിപ്പിച്ച് ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു.

ഫയർഫോഴ്‌സിന്റെ സ്കൂബാ ഡൈവിങ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശമായ കടുവാച്ചാലിലാണ് വിദ്യാർഥികൾ കുളിക്കാനിറങ്ങിയത്.

ചെളിയും ആഴമേറിയ കുഴികളും നിറഞ്ഞ ഈ പ്രദേശം നിരോധിത മേഖലയാണെന്ന് അധികൃതർ വ്യക്തമാക്കി. അപകടസാധ്യത കൂടുതലുള്ളതിനാൽ പ്രദേശവാസികൾ പോലും ഇവിടെ ഇറങ്ങാറില്ലെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവമുണ്ടായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

English Summary

A college student who went missing while swimming with friends in the Malampuzha Dam area in Palakkad has been found dead. The body was recovered by a Fire Force scuba diving team during a search operation. Officials said the incident occurred in a prohibited and dangerous section of the dam known for deep pits and muddy terrain.

Share This Article