ബിയറിന് നിശ്ചയിച്ച എംആർപി വിലയേക്കാൾ പത്ത് രൂപ അധികം ഈടാക്കിയ സംഭവത്തിൽ പത്തനംതിട്ട പെരിന്നാട് ബെവ്കോ ഡിപ്പോ മാനേജർക്കെതിരെ ഉപഭോക്തൃ കോടതി കടുത്ത നടപടി സ്വീകരിച്ചു.
പെരിന്നാട് സ്വദേശിയായ ആകാശ് എന്നയാൾ വാങ്ങിയ 650 മില്ലി ബിയറിനാണ് കുപ്പിയിൽ രേഖപ്പെടുത്തിയ എംആർപി വിലയായ 170 രൂപയ്ക്ക് പകരം 180 രൂപ ഈടാക്കിയത്. സർക്കാർ നിർദ്ദേശപ്രകാരവും നികുതി വർധനവിനെത്തുടർന്നും എംആർപിയിൽ നിന്ന് പത്ത് രൂപ അധികം വാങ്ങാൻ തങ്ങൾക്ക് നിർദ്ദേശമുണ്ടെന്നായിരുന്നു ബെവ്കോ മാനേജർ കോടതിയിൽ നൽകിയ വിശദീകരണം.
എന്നാൽ ലീഗൽ മെട്രോളജി നിയമപ്രകാരം ഉൽപ്പന്നങ്ങളിൽ രേഖപ്പെടുത്തിയ എംആർപി വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ കോടതി കണ്ടെത്തി.
അതോടൊപ്പം തന്നെ, നികുതി വർദ്ധനവ് ഉണ്ടായാൽ പോലും നിലവിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വിലയിൽ മാറ്റം വരുത്താൻ പാടില്ലെന്നും കോടതി കർശനമായി വ്യക്തമാക്കി. നിയമലംഘനം നടത്തിയ ഡിപ്പോ മാനേജർ പരാതിക്കാരന് നഷ്ടപരിഹാരമായി 15,000 രൂപയും, കോടതി ചെലവിലേക്ക് 10,000 രൂപയും, അധികമായി വാങ്ങിയ 10 രൂപയും ഉൾപ്പെടെ ആകെ 25,010 രൂപ നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
English Summary
The Pathanamthitta Consumer Court fined a Bevco depot manager ₹25,010 for charging ₹10 above the MRP on a beer bottle, ruling that increasing prices on existing stock is illegal.
