വാണിജ്യ സിലിണ്ടറിന് പിന്നാലെ വീട്ടിലെ സിലിണ്ടറിനും വില കൂട്ടി! പശ്ചിമേഷ്യൻ സംഘർഷം വിനയായി; അടുക്കള ബജറ്റ് തകിടം മറിയുമ്പോൾ

1 Min Read

ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഒരു സിലിണ്ടറിന് 29 രൂപയാണ് വർധന. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

മൂന്ന് മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഗാർഹിക എൽപിജി വില വർധിപ്പിക്കുന്നത്. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു.

മാർച്ച് മാസത്തിൽ പാചകവാതക വില 60 രൂപ വർധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ആഗോള ഊർജവിതരണ മേഖലയിലെ അനിശ്ചിതത്വവുമാണ് വില വർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾക്ക് എൽപിജി വിതരണത്തിൽ വലിയ നഷ്ടമുണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. പുതിയ വില വർധനയ്ക്ക് മുമ്പ് ഓരോ സിലിണ്ടറിലും നൂറുകണക്കിന് രൂപയുടെ നഷ്ടമാണ് കമ്പനികൾ നേരിട്ടിരുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

ഇതിനിടെ, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിലും ഈ മാസം വർധന വരുത്തിയിരുന്നു. ജൂൺ മാസത്തിൽ വാണിജ്യ സിലിണ്ടറിന് 42 രൂപയാണ് കൂട്ടിയത്.

തുടർച്ചയായ വില വർധന സാധാരണ കുടുംബങ്ങളുടെ അടുക്കള ബജറ്റിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

English Summary:
Domestic LPG cylinder prices have been increased by ₹29 with effect from today. This is the second hike in three months, taking the price of a 14.2 kg household cylinder in Delhi from ₹913 to ₹942. Rising global energy costs and supply disruptions are cited as major reasons behind the increase.



Share This Article