എക്സാലോജിക് കേസിലെ ഇഡിയുടെ അറ്റകൈ പ്രയോഗത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

2 Min Read

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ തുക കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമാക്കി. റെയ്ഡുകൾക്ക് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ പൂർണമായും കണ്ടുകെട്ടുന്നതിനാണ് നീക്കം.

അക്കൗണ്ടുകളിൽ ഉൾപ്പെട്ട തുക കണ്ടുകെട്ടുന്നതിന് ആവശ്യമായ വിശദമായ റിപ്പോർട്ട് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിക്കുമെന്നാണ് വിവരം. മരവിപ്പിച്ച അക്കൗണ്ടുകളിൽ കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

മുൻപ് നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ബാങ്ക് നിക്ഷേപ രേഖകൾ, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി തുടർന്നും കസ്റ്റഡിയിൽ സൂക്ഷിക്കാൻ അനുമതി തേടാനും ഇഡി ഒരുങ്ങുന്നു. ഡിജിറ്റൽ തെളിവുകൾ നിലവിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട ലോക്കർ പരിശോധനകൾ പൂർത്തിയായ ശേഷമായിരിക്കും തുടർ ചോദ്യം ചെയ്യലുകൾക്കായി സമൻസ് നൽകുക. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഉന്നതതല യോഗത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനും നിയമപരമായ എല്ലാ നടപടികളും സൂക്ഷ്മമായി പാലിക്കാനും ഇഡി ഡയറക്ടർ നിർദേശം നൽകിയതായാണ് വിവരം.

കേസിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ ഉയർന്ന കോടതികളെ സമീപിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ എന്ന നിലപാടിലാണ് അന്വേഷണ ഏജൻസി. നിയമപരമായ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന തരത്തിൽ അന്വേഷണ രേഖകൾ ക്രമീകരിക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ.

കേസിലെ അന്വേഷണവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരിശോധനകളും തുടരുകയാണ്.

English Summary:
The Enforcement Directorate (ED) has initiated steps to confiscate ₹18.36 crore held in 242 bank accounts frozen in connection with the CMRL–Exalogic financial transactions case. Investigators are also seeking permission to retain seized digital devices, documents, and financial records as part of the ongoing probe. Further action, including questioning of key individuals, is expected after the completion of related examinations and verification processes.



Share This Article