കൊച്ചി: ലൈംഗിക ചുവയോടെയുള്ള പരാമർശങ്ങൾ ചോദ്യം ചെയ്ത രണ്ട് യുവതികൾക്ക് കൊച്ചിയിൽ ക്രൂരമർദനം. കലൂർ ചക്കാലപ്പാടം റോഡിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പരുക്കേറ്റ യുവതികളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
പാർട്ട് ടൈം ജോലി കഴിഞ്ഞ് പുലർച്ചെ നാലുമണിയോടെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതികൾക്കെതിരെ ആറു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെട്ട സംഘം അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.
ഇത് അവഗണിച്ച് മുന്നോട്ടുപോയ യുവതികളെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ തിരികെ വിളിച്ചുവരുത്തി അധിക്ഷേപം തുടരുകയായിരുന്നുവെന്ന് പറയുന്നു. തുടർന്ന് സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ അക്രമം ആരംഭിച്ചു. ഒരു യുവതിയുടെ ഫോൺ പിടിച്ചുപറിച്ച് നിലത്തെറിഞ്ഞ് തകർത്തതായും സുഹൃത്തുക്കൾ ആരോപിക്കുന്നു.
ഫോൺ എടുക്കാൻ കുനിഞ്ഞ യുവതിയെ മുടിയിൽ പിടിച്ച് നിലത്തടിക്കുകയും റോഡിലൂടെ വലിച്ചിഴച്ച് മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇരുവർക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരുക്കേറ്റിട്ടുണ്ട്. വസ്ത്രങ്ങളും കീറിയ നിലയിലായിരുന്നുവെന്നാണ് വിവരം.
പരാതിയെ തുടർന്ന് യുവതികൾ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ചിലർ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇവരാണ് അക്രമികളെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ബലപ്രയോഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആശുപത്രിയിൽ എത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥൻ യുവതികളോട് മോശമായി പെരുമാറിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരമൊരു പരാതി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും ആരോപണം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
English Summary
Two young women were allegedly assaulted in Kochi after questioning a group that made obscene and sexually suggestive remarks at them. The incident occurred early Tuesday morning near Kaloor. The victims sustained injuries and were hospitalized. Police have registered a case and launched an investigation using CCTV footage to identify the attackers.

