35 വർഷത്തിന് ശേഷം സഭാനേതൃത്വത്തിലേക്ക് ഒരു വനിത; മുഹമ്മദ് മൊഹ്സിനെ പരാജയപ്പെടുത്തി ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ

2 Min Read
2 Min Read

തിരുവനന്തപുരം: കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. നടന്ന വോട്ടെടുപ്പിൽ ഷാനിമോളിന് 99 വോട്ടും എതിരാളിയായ സിപിഐയിലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്ന് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സ്പീക്കർ പതിവുപോലെ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

സ്പീക്കറെ ഒഴിവാക്കിയാൽ സ്വതന്ത്രർ ഉൾപ്പെടെ യുഡിഎഫിന് 101 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ ഷാനിമോളുടെ വിജയം മുൻകൂട്ടി ഉറപ്പിക്കപ്പെട്ടിരുന്നു.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഡപ്യൂട്ടി സ്പീക്കർ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണ് ഷാനിമോൾ ഉസ്മാൻ. 35 വർഷത്തിന് ശേഷമാണ് ഒരു വനിത വീണ്ടും ഈ സ്ഥാനത്തെത്തുന്നത്.

ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ, മുൻ എംപി കെ.പി. ധനപാലൻ, മുൻ മന്ത്രി ടി.യു. കുരുവിള എന്നിവർക്ക് നിയമസഭയിൽ ചരമോപചാരം അർപ്പിക്കും.

പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും ഇന്നത്തെ സഭാ നടപടികളിൽ അവതരിപ്പിക്കും. തുടർന്ന് സബ്മിഷനും ശ്രദ്ധക്ഷണിക്കലും കഴിഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ആരംഭിക്കും. ഈ ചർച്ച നാളെയും മറ്റന്നാളും തുടരും. അതിനാൽ ഈ ദിവസങ്ങളിൽ ചോദ്യോത്തരവേള ഉണ്ടായിരിക്കില്ല.

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 19-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. ജൂൺ 22 മുതൽ 24 വരെ ബജറ്റിന്മേലുള്ള ചർച്ച നടക്കും. തുടർന്ന് ഇടവേളയ്ക്ക് ശേഷം ജൂൺ 29, 30 തീയതികളിൽ ധനാഭ്യർഥനകളിന്മേലുള്ള ചർച്ചയും ജൂലൈ 1-ന് ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ച പൂർത്തിയാക്കി സഭ പിരിയുകയും ചെയ്യും.

English Summary

Shanimol Usman has been elected Deputy Speaker of the Kerala Legislative Assembly, securing 99 votes against CPI candidate Mohammed Mohsin’s 34 votes. BJP’s three MLAs abstained from voting. Shanimol becomes the fourth woman Deputy Speaker in Kerala Assembly history and the first woman to hold the post in 35 years.

Share This Article