കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ വയോധികയുടെ സ്വർണം കവർന്ന കേസിൽ ഹോം നഴ്സും സുഹൃത്തും അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ സുധ ശങ്കർ, ലക്ഷ്മി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങൾ വീടിന് പുറകിൽ കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തി.
മൂവാറ്റുപുഴ മാറാടി മഞ്ചരിപ്പടി പൂമറ്റത്തിൽ മറിയാമ്മയുടെ ദേഹത്തുണ്ടായിരുന്ന 10 പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. മെയ് 24 രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് സംഭവം നടന്നത്.
മറിയാമ്മയുടെ വീട്ടിൽ ഹോം നഴ്സായി ജോലി ചെയ്തിരുന്നത് സുധയായിരുന്നു. പ്രതികളായ സുധയും ലക്ഷ്മിയും മുൻപരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്നതിന് തലേദിവസം ലക്ഷ്മി വീട്ടിലെത്തി ഒളിച്ചുതാമസിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
വീട്ടുകാർ പുറത്തുപോയെന്ന് ഉറപ്പാക്കിയ ശേഷം ലക്ഷ്മി പുരുഷവേഷം ധരിച്ച് വയോധികയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ ബലം പ്രയോഗിച്ച് ഊരിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. മോഷണസമയത്ത് സുധ ശൗചാലയത്തിൽ ഒളിച്ചിരിക്കുകയായിരുന്നു.
ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം പ്രതികൾ അത് തുണിയിൽ പൊതിഞ്ഞ് വീടിന് പുറകിലെ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് കുഴിച്ചിടുകയും തുടർന്ന് രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ലക്ഷ്മി ജോലി ചെയ്തിരുന്ന വീട്ടിലേക്ക് തിരികെ പോകാതിരുന്നതും സുധ നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസിനെ പ്രതികളിലെത്തിച്ചു. ലക്ഷ്മിയുടെ താമസസ്ഥലത്ത് നിന്ന് സംശയാസ്പദ സാഹചര്യത്തിൽ വസ്ത്രങ്ങൾ കണ്ടെത്തിയതോടെയാണ് അന്വേഷണം ശക്തമായത്.
പള്ളിക്ക് സമീപത്തെ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം ഒരു സ്ത്രീ നടന്നുപോകുന്ന ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.
മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
English Summary: Two women, including a home nurse, were arrested in Muvattupuzha for allegedly stealing 10 sovereigns of gold from an elderly bedridden woman. Police recovered the stolen ornaments buried behind the house after tracing the suspects through phone records and CCTV visuals.

