ന്യൂഡൽഹി: ഇന്ത്യൻ ഐടി കമ്പനികളടക്കം എട്ട് പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ചെന്ന റിപ്പോർട്ടിൽ അമേരിക്കയ്ക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ.
ഇത്തരം നടപടികൾ ഇന്ത്യയും അമേരിക്കയും പൊതുവായി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശ പ്രഫഷനലുകളെ ‘കരാർ അടിമകൾ’ എന്ന് വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തെയും ഇന്ത്യ വിമർശിച്ചു.
അടിമത്തത്തിന്റെയും കൊളോണിയൽ ഭരണത്തിന്റെയും വേദനാജനകമായ ഓർമകൾ ഉണർത്തുന്ന ഇത്തരം പ്രയോഗങ്ങൾ അനാവശ്യവും അങ്ങേയറ്റം അപമാനകരവുമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം.
തലമുറകളായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാർ അവിടത്തെ സാമ്പത്തിക വളർച്ചയിലും വികസനത്തിലും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
എട്ട് കമ്പനികൾക്കെതിരെ യുഎസ് നടപടി
ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, അഡോബി, കാപ്ജെമിനി, കോഗ്നിസന്റ് എന്നീ കമ്പനികളെയാണ് അമേരിക്കയുടെ നടപടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദേശ ജീവനക്കാർക്ക് തൊഴിൽ അടിസ്ഥാനത്തിലുള്ള സ്ഥിരതാമസാനുമതി ലഭിക്കുന്നതിനുള്ള നടപടികളിൽ പ്രധാനപ്പെട്ട പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പ്രോഗ്രാമിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ അവസരങ്ങളെ ബാധിക്കുന്ന തരത്തിൽ വിദേശ ജീവനക്കാരെ നിയമിച്ചെന്ന ആരോപണങ്ങളെത്തുടർന്നാണ് നടപടിയെന്നാണ് യുഎസ് ഭരണകൂടത്തിന്റെ വിശദീകരണം.
എന്നാൽ കമ്പനികൾക്കെതിരായ ആരോപണങ്ങളിൽ ഓരോ സ്ഥാപനത്തെയും സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
നിലവിലെ എച്ച്-1ബി വീസകളെ ബാധിക്കുമോ?
PERM നടപടികൾ മരവിപ്പിച്ചത് നിലവിലുള്ള എച്ച്-1ബി വീസകൾ സ്വമേധയാ റദ്ദാക്കുന്നതിന് തുല്യമല്ല. എന്നാൽ ഈ കമ്പനികളിലെ അർഹരായ ജീവനക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള നടപടികൾ വൈകാൻ സാധ്യതയുണ്ട്.
അമേരിക്കയിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനുമുള്ള അനുമതിയാണ് ഗ്രീൻ കാർഡ്. അതിനുള്ള തൊഴിൽ അടിസ്ഥാനത്തിലുള്ള പല അപേക്ഷകളിലും PERM സർട്ടിഫിക്കേഷൻ നിർണായക ഘട്ടമാണ്.
നടപടികൾ നീണ്ടുപോകുന്നത് വിദഗ്ധ ജീവനക്കാരെ ദീർഘകാലത്തേക്ക് നിലനിർത്താനുള്ള കമ്പനികളുടെ പദ്ധതികളെയും ബാധിച്ചേക്കാം.
അതേസമയം, ഇന്ത്യൻ ഐടി കമ്പനികൾ അമേരിക്കയിലെ എച്ച്-1ബി വീസകളെയും PERM നടപടികളെയും ആശ്രയിക്കുന്നത് കുറച്ചുവരുന്നതായി വ്യവസായ മേഖലയിലെ വിലയിരുത്തലുകളുണ്ട്.
അതിനാൽ ഉടനടി വലിയ സാമ്പത്തിക ആഘാതമുണ്ടാകില്ലെന്നാണ് ചില വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ജീവനക്കാരെ നിലനിർത്തുന്നതിലും നിയമപരമായ അനിശ്ചിതത്വത്തിലും വെല്ലുവിളികൾ ഉയരാം.
ഇന്ത്യൻ ഐടി മേഖലയ്ക്ക് പുതിയ വെല്ലുവിളി
അമേരിക്കയിലെ സ്ഥിരതാമസ നടപടികൾ കൂടുതൽ സങ്കീർണമാകുന്ന സാഹചര്യമുണ്ടായാൽ വിദഗ്ധ ജീവനക്കാരെ ഇന്ത്യയിലെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളിലേക്ക് (ജിസിസി) മാറ്റുന്നത് കമ്പനികൾ പരിഗണിച്ചേക്കാം.
ആഗോള കമ്പനികളുടെ സാങ്കേതികവിദ്യാ വികസനം, ഗവേഷണം, പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണ് ജിസിസികൾ.
ഇത്തരം മാറ്റം ഇന്ത്യയിലെ സാങ്കേതികവിദ്യാ മേഖലയിലെ തൊഴിൽ അവസരങ്ങൾക്കും പ്രവർത്തന വിപുലീകരണത്തിനും ദീർഘകാലത്തിൽ സഹായകമാകാം. എന്നാൽ അമേരിക്കയുടെ ഭാവി കുടിയേറ്റ നയങ്ങളും കമ്പനികൾക്കെതിരായ അന്വേഷണങ്ങളുടെ ഫലവും അനുസരിച്ചായിരിക്കും യഥാർഥ പ്രത്യാഘാതം വ്യക്തമാകുക.
English Summary
India has criticised the US decision to suspend PERM labour-certification processing for eight major technology companies, including TCS, Infosys, Wipro and HCL Technologies. The Indian government also condemned US Vice President JD Vance’s description of foreign professionals as “indentured servants.” The suspension affects an important stage of many employment-based Green Card applications but does not automatically cancel existing H-1B visas. While the immediate impact on Indian IT companies may be limited, prolonged delays could create uncertainty around long-term employee retention and workforce planning.
