facebook

ഭാഷയുടെ അതിരുകൾ മറികടന്ന് അറിവിന്റെ ലോകത്തേക്ക്; കുട്ടിക്കാനം മരിയൻ കോളേജ് അധ്യാപകന്റെ വായനാസഹായിക്ക് യുകെ പേറ്റന്റ്

1 Min Read

മരിയൻ കോളേജ് അധ്യാപകന്റെ വായനാസഹായിക്ക് യുകെ പേറ്റന്റ്

പുസ്തകവായന എളുപ്പമാക്കാനും ഭാഷയുടെ അതിരുകൾ കടന്ന് അറിവ് ലഭ്യമാക്കാനും ഒരു വായനാസഹായി. കാഴ്ചപരിമിതിയുള്ളവർക്കും ഉപയോഗിക്കാവുന്ന ഉപകരണത്തിന്റെ രൂപകൽപ്പനയ്ക്ക് യു.കെ. ഡിസൈൻ പേറ്റന്ററ്റിനു അർഹനായി കുട്ടിക്കാനം മരിയൻ കോളേജ് ഓട്ടോണമസിലെ അസിസ്റ്റന്റ് പ്രൊഫസർ ഗിൽബർട്ട് എ.ആറും സംഘവും.

വിദ്യാർഥികളുടെ വായനയും പഠനവും കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. പുസ്തകങ്ങളിലെ ഉള്ളടക്കം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും കാഴ്ചപരിമിതിയുള്ളവർക്ക് വായനയിൽ സഹായമാകാനും ഇതിന് കഴിയുമെന്ന് ഗിൽബർട്ട് എ.ആർ. പറയുന്നു.

‘സ്റ്റുഡന്റ് ഗൈഡൻസ് ആൻഡ് അക്കാദമിക് അച്ചീവ്‌മെന്റ് മോണിറ്ററിങ് കമ്പ്യൂട്ടർ ഡിവൈസ്’ എന്ന പേരിലുള്ള രൂപകൽപ്പനയ്ക്കാണ് യു.കെ. ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് രജിസ്ട്രേഷൻ അനുവദിച്ചത്.

മരിയൻ കോളേജിലെ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം അധ്യാപകനായ ഗിൽബർട്ടിനൊപ്പം സി.എം.എസ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പ്രിഷോ മറിയം പോൾ, ഏറ്റുമാനൂർ എസ്.എം.എസ്. കോളേജിലെ ഡയറക്ടർ ഡോക്ടർ സൂര്യ കൊച്ചുമലയിൽ സുരേന്ദ്രൻ, ആലുവ സെന്റ് സേവ്യേഴ്‌സ് വനിതാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ സോണിയ ജോൺ മാർക്കോസ്, ഡോക്ടർ സ്റ്റെല്ല കൂലിയത്ത് ആന്റണി എന്നിവരാണ് സംഘത്തിലുള്ളത്.

ഇന്ത്യയിൽ വിവിധ പേറ്റന്റ് നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഗിൽബർട്ട്, കുറഞ്ഞ ചെലവിൽ ടെലിപ്രോംപ്റ്റർ നിർമിച്ചും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ പേറ്റന്റ് നേടിയ ഈ ഉപകരണം മഹാത്മാഗാന്ധി സർവകലാശാലയിലും വിവിധ കോളേജുകളിലും വാർത്താവായനയും അവതരണവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. മരിയൻ കോളേജിലെ മാധ്യമവിദ്യാർഥികളുടെ വാർത്താവായനാ പരിശീലനത്തിലും ഇത് പ്രയോജനപ്പെടുത്തുന്നു.

അധ്യാപനാനുഭവങ്ങളിൽനിന്ന് പ്രായോഗിക ആശയങ്ങൾ വികസിപ്പിച്ച് ഗവേഷണരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള ശ്രമത്തിലാണ് ഗിൽബർട്ട് എ ആർ.

Share This Article