കൊച്ചി: കൊച്ചിയിലെ മുനമ്പം അയ്യമ്പള്ളി പ്രദേശത്ത് റോഡിലൂടെ സ്വാഭാവികമായി ഒഴുകിയിരുന്ന വെള്ളത്തിന്റെ ഒഴുക്ക് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത യുവതിക്ക് നേരെ ആക്രമണം. കലാകാരിയും സാമൂഹിക പ്രവർത്തകയുമായ ഷീജ കളപ്പുരയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
റോഡിലൂടെ വെള്ളം ഒഴുകുന്നത് മണ്ണിട്ട് തടഞ്ഞതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് വഴിമാറിയതെന്നാണ് പ്രാഥമിക വിവരം. വിഷയത്തിൽ ചോദ്യം ചെയ്ത ഷീജയുമായി അയൽവാസിയായ സണ്ണി വാക്കുതർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നു എന്നാണ് ആരോപണം.
ഇരുമ്പ് ചൂൽ ഉപയോഗിച്ചാണ് ആക്രമണമെന്നാണ് പരാതി. ആക്രമണത്തിൽ ഷീജയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതായും കൗൺസിലറുടെ സാന്നിധ്യത്തിലായിരുന്നു സംഭവം നടന്നതെന്നും ആരോപണമുണ്ട്.
പരിക്കേറ്റ ഷീജ ചികിത്സ തേടി. സംഭവത്തിൽ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പ്രതിക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് ഷീജ കളപ്പുര ആരോപിച്ചു. കേസിന്റെ കൂടുതൽ വിവരങ്ങളും ആക്രമണത്തിന്റെ സാഹചര്യങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary:
A social activist and artist, Sheeja Kalappura, was allegedly attacked in Munambam, Kochi, after questioning the blocking of natural water flow on a road. According to reports, a dispute with a neighbour escalated into violence, resulting in injuries to her neck. The accused, identified as Sunny, has been arrested by police. Sheeja has alleged that only minor charges were filed against the accused, while police continue their investigation into the incident.
