പാരിസ്: സാധാരണയായി കന്നുകാലികളെ ബാധിക്കുന്ന ഷാമോണ്ട വൈറസ് മനുഷ്യനിൽ ആദ്യമായി സ്ഥിരീകരിച്ചതായി ഫ്രഞ്ച് ആരോഗ്യ വിദഗ്ധർ. രോഗപ്രതിരോധശേഷി തീരെ കുറഞ്ഞ ഒരാളിലാണ് വൈറസ് കണ്ടെത്തിയത്.
ഈ മാസം ആദ്യം രോഗി മരിക്കുകയും ചെയ്തു. എന്നാൽ ഈ സംഭവം അസാധാരണമായ കേസാണെന്നും നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫ്രാൻസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗപ്രതിരോധശേഷി കുറഞ്ഞ രോഗിയിൽ വൈറസ് ബാധ
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുകയും ചെയ്ത വ്യക്തിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സാധാരണ സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരുന്നതായി ഇതുവരെ സ്ഥിരീകരിക്കാത്ത വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവം അസാധാരണമായ കേസായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ആഫ്രിക്കയിലും ഏഷ്യയിലും വർഷങ്ങളായി ഷാമോണ്ട വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മനുഷ്യനിൽ വൈറസ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണെന്നാണ് ലഭ്യമായ വിവരം.
കടിക്കുന്ന ചെറുപ്രാണികളിലൂടെ മൃഗങ്ങളിലേക്ക് പകരുന്നു
ഓർത്തോബുന്യവൈറസ് വിഭാഗത്തിൽപ്പെടുന്ന ഷാമോണ്ട വൈറസ് കടിക്കുന്ന ചെറുപ്രാണികളിലൂടെയാണ് മൃഗങ്ങളിലേക്ക് പകരുന്നത്. ഈ വേനൽക്കാലത്താണ് യൂറോപ്പിൽ ആദ്യമായി വൈറസ് കണ്ടെത്തിയതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കിഴക്കൻ ഫ്രാൻസിലെ ചില പ്രദേശങ്ങളിൽ വസന്തകാലത്തും വേനൽക്കാലത്തും കന്നുകാലികളിൽ വൈറസ് വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളിൽനിന്നുള്ള ഏതെങ്കിലും ചെറുപ്രാണിയുടെ കടിയിലൂടെയാകാം മരിച്ച വ്യക്തിക്ക് വൈറസ് ബാധിച്ചതെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
യൂറോപ്പിലെ 14 രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു
1960-കളുടെ മധ്യത്തിൽ നൈജീരിയയിലാണ് ഷാമോണ്ട വൈറസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലും ജപ്പാനിലും കന്നുകാലികളിൽ വൈറസ് റിപ്പോർട്ട് ചെയ്തു.
ജൂലൈ അവസാനത്തോടെ യൂറോപ്പിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഫ്രാൻസിലെ കന്നുകാലി ഫാമുകളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പടിഞ്ഞാറൻ യൂറോപ്പിലെ 14 രാജ്യങ്ങളിൽ വൈറസ് കണ്ടെത്തിയിട്ടുണ്ട്.
English Summary : French health experts have reported the first confirmed human case of the Shamonda virus in a patient with severely weakened immunity. The patient died earlier this month, but France’s health ministry said there is currently no cause for public alarm. The virus, which primarily affects cattle and is transmitted by biting insects, has been detected in 14 Western European countries, according to the report.
